കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ല, നിലപാടില്‍ ഉറച്ച് ജോസ് കെ മാണി...

  മാസങ്ങളായി തുടരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ജോസ് കെ മാണി, ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പിടിവലി ഇപ്പോള്‍  യു.ഡി.എഫിന്‍റെ കോര്‍ട്ടില്‍ എത്തിയിരിയ്ക്കുകയാണ്...

Last Updated : Jun 26, 2020, 04:59 PM IST
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ല, നിലപാടില്‍ ഉറച്ച്  ജോസ് കെ മാണി...

കോട്ടയം:  മാസങ്ങളായി തുടരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ജോസ് കെ മാണി, ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പിടിവലി ഇപ്പോള്‍  യു.ഡി.എഫിന്‍റെ കോര്‍ട്ടില്‍ എത്തിയിരിയ്ക്കുകയാണ്...

യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേരാനുള്ള കരുനീക്കങ്ങള്‍ ഇരുവിഭാഗവും  നടത്തുന്നതായുള്ള അഭ്യൂഹങ്ങള്‍  പുറത്തുവന്നതോടെ പ്രശ്നത്തില്‍ ഇടപെട്ടിരിയ്ക്കുകയാണ് കോണ്‍ഗ്രസ്‌ നേതൃത്വം.  മുന്‍പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ രാജി വയ്പ്പിക്കാന്‍  യു.ഡി.എഫ് ഇടപെടണമെന്ന്  പി ജെ ജോസഫ്‌ ആവശ്യപ്പെട്ടിരുന്നു.  കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവുമായിട്ടുള്ളൂവെന്നും പി.ജെ. ജോസഫ് പറഞ്ഞിരുന്നു.

എന്നാല്‍, കേരള കോണ്‍ഗ്രസിലെ പ്രശ്നത്തില്‍ ഇടപെട്ട യു.ഡി.എഫിന്  പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന യു.ഡി.എഫ് നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ്  ജോസ് കെ മാണി. ഈ വിവരം ജോസ് കെ മാണി ഗ്രൂപ്പ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.  

എന്നാല്‍, യാതൊരു വിട്ടുവീഴ്ചയ്ക്കും ജോസഫ്‌ പക്ഷം തയ്യാറല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നില്ല എങ്കില്‍  ജോസിന് മുന്നണിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പി. ജെ. ജോസഫും വ്യക്തമാക്കി.  ഇതോടെ കേരള  കോണ്‍ഗ്രസ് പ്രശ്നത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഏറെ അകലെയാണ് എന്ന് വ്യക്തം.

എന്നാല്‍, ജോസഫ് പക്ഷത്തുള്ള സി. എഫ്. തോമസും മോന്‍സ് ജോസഫും കഴിഞ്ഞ തവണ മത്സരിച്ച്‌ ജയിച്ച ചങ്ങനാശേരി, കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ വേണമെന്ന ആവശ്യം ഒത്തുതീര്‍പ്പ് ഫോര്‍മുലയായി ജോസ് വിഭാഗം ഉന്നയിച്ചിരുന്നു.   ജോസഫ് പക്ഷത്തിന് ഏറെ ജനപിന്തുണയുള്ള മണ്ഡലങ്ങളാണ് ഇവ. എന്നാല്‍, ഈ നിര്‍ദ്ദേശം  ജോസഫ് വിഭാഗം തള്ളിക്കളഞ്ഞു, 

അതേസമയം, നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗം  നേതൃയോഗം നാളെ ചങ്ങനാശേരിയില്‍ നടക്കും.  

കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തോടെ പാര്‍ട്ടിയില്‍ ആരംഭിച്ച അധികാര വടംവലിയാണ്  ഇപ്പോള്‍  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈയടക്കുന്നതില്‍ എത്തി നില്‍ക്കുന്നത്. മാസങ്ങളായി  ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്  ജോസഫ്‌  ഗ്രൂപ്പ്.  എന്നാല്‍, ഈ വിഷയത്തില്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്  ജോസ് കെ.മാണി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും ജോസ് കെ.മാണി ആവര്‍ത്തിച്ചു.

പാലാ നിയോജക മണ്ഡലത്തിലെ  തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്നും അങ്ങനെ ചതിച്ചവര്‍ക്ക് പദവി ഒഴിഞ്ഞു കൊടുക്കില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു. ജോസഫ്‌, ജോസ് കെ മാണി ഗ്രൂപ്പുകള്‍ തമ്മിലുള്ള  തര്‍ക്കങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയായിരുന്നു ചരിത്രത്തിലാദ്യമായി  മാണിയുടെ സ്വന്തം പാലാ നിയോജക മണ്ഡലത്തില്‍ ഇടതു മുന്നണി നേടിയ വിജയം.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രാജിവെച്ച് ജോസഫ് വിഭാഗത്തിലെ അജിത്ത് മുതിരമലയ്ക്ക് സ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ ജോസഫ്...  

Trending News