Akhil Marar: 'അവരെല്ലാമാണ് ഞാനൊരു ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന് പറഞ്ഞത്, എന്നെ ഇതിലേക്ക് എത്തിച്ചത് അയ്യപ്പനാകാം' - അഖിൽ മാരാർ

Bigg Boss Malayalam Season 5: ബി​ഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അഖിൽ മാരാർ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 12:19 PM IST
  • മത്സരാർത്ഥികൾ ആരൊക്കെയാണ് എന്നുള്ളത് സംബന്ധിച്ച് കുറച്ചു നാളുകളായി തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.
  • ഓരോ പേരുകൾ ഇങ്ങനെ മാറിയും മറിഞ്ഞും വന്നുകൊണ്ടേയിരുന്നു.
  • ആ സമയത്തും പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു മത്സരാർത്ഥിയായിരുന്നു സംവിധായകന്‍ അഖില്‍ മാരാര്‍.
Akhil Marar: 'അവരെല്ലാമാണ് ഞാനൊരു ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന് പറഞ്ഞത്, എന്നെ ഇതിലേക്ക് എത്തിച്ചത് അയ്യപ്പനാകാം' - അഖിൽ മാരാർ

ബി​ഗ് ബോസ് മലയാളം സീസൺ 5 തുടങ്ങി കഴിഞ്ഞു. മത്സരാർത്ഥികളെ എല്ലാവരെയും ഇന്നലത്തെ (മാർച്ച് 26) എപ്പിസോഡിൽ മോഹൻലാൽ പരിചയപ്പെടുത്തി കഴിഞ്ഞു. മത്സരാർത്ഥികൾ ആരൊക്കെയാണ് എന്നുള്ളത് സംബന്ധിച്ച് കുറച്ചു നാളുകളായി തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഓരോ പേരുകൾ ഇങ്ങനെ മാറിയും മറിഞ്ഞും വന്നുകൊണ്ടേയിരുന്നു. ആ സമയത്തും പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു മത്സരാർത്ഥിയായിരുന്നു സംവിധായകന്‍ അഖില്‍ മാരാര്‍. പ്രേക്ഷകരുടെ പ്രതീക്ഷകൾ ശരിയാണെന്ന് ഇന്നലെ മോഹന്‍ലാല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്ത സീസണ്‍ 5 ന്റെ ആദ്യ എപ്പിസോഡോടെ ഉറപ്പിക്കുകയും ചെയ്തു. 

ബി​ഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരിക്കൽ പോലും ബിഗ് ബോസ് കാണാത്ത ആളാണ് താന്‍ എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. എന്നാല്‍ ദൈവനിശ്ചയം പോലെ ഈ ഷോയിലേക്ക് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. 

''നിങ്ങള്‍ ഈ വീഡിയോ കാണുന്ന നിമിഷം ഞാന്‍ ബിഗ് ബോസ് ഹൗസിലായിരിക്കും. മുന്‍കൂറായിട്ട് വീഡിയോ ചെയ്യുന്നത് പ്രെഡിക്ഷന്‍ ലിസ്റ്റിലൊക്കെ എന്റെ പപേര് കണ്ടിട്ട് ഒരുപാട് പേര് എനിക്ക് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ ഒരു ഒഫിഷ്യല്‍ സീക്രസി ഉള്ളത് കൊണ്ട്  പുറത്ത് പറയാൻ സാധിക്കാത്തത് കാരണമാണ് കൃത്യമായ മറുപടി നല്‍കാതിരുന്നത്. എന്തായാലും ലാലേട്ടന്‍ ഔദ്യോഗികമായിട്ട് ഇന്‍ട്രൊഡക്ഷന്‍ ചെയ്ത സ്ഥിതിക്ക് ഞാനെന്ത് കൊണ്ട് ബിഗ് ബോസിലേക്ക് പോകുന്നു എന്നുള്ളതിന് ഒരു മറുപടി പറയാം.

ഞാന്‍ എന്റെ ലൈഫില്‍ ഈ പ്രോഗ്രാമിന്റെ അഞ്ച് മിനിറ്റ് എപ്പിസോഡ് പോലും കണ്ടിരുന്ന ആളല്ല. അല്ലെങ്കില്‍ ഇത്തരം പ്രോഗ്രാമുകളിലേക്ക് പോകണം എന്ന് ചിന്തിച്ചിരുന്ന ആളല്ല. സിനിമയെ കുറിച്ച് കൂടുതല്‍ സീരിയസായി പഠിക്കാനും മികച്ച സിനിമകള്‍ ചെയ്യാനും വേണ്ടിയിട്ടുള്ള പഠനവും മറ്റ് കാര്യങ്ങളും ഒക്കെ തന്നെയായിരുന്നു. ഒന്ന് രണ്ട് പ്രോജക്ടുകള്‍ ഈ വര്‍ഷം അനൗണ്‍സ് ചെയ്തതായിരുന്നു.

Also Read: Innocent Passed Away: ആലീസാന്റിയുടെ വള വിറ്റ കാശിനാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌; വിനീത് ശ്രീനിവാസന്‍ പങ്ക് വെച്ച കുറിപ്പ്

 

ഈ വര്‍ഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് തുടങ്ങാനിരിക്കുമ്പോള്‍ അവിചാരിതമായിട്ട് ഈ മാളികപ്പുറം സിനിമയുടെ ചര്‍ച്ച വരികയും അത് വലിയ വിവാദങ്ങളായി മാറുകയും അതിനെ തുടര്‍ന്ന് ബിഗ് ബോസിലേക്ക് ഒരു വിളി വരികയും ചെയ്തു. അപ്പോള്‍ ഞാന്‍ ജോജു ചേട്ടനോട് ഡിസ്‌കസ് ചെയ്തു. ജോജു ചേട്ടനാണ് പറഞ്ഞത് എടാ നീ ഉറപ്പായിട്ടും ബിഗ് ബോസില്‍ പോകണം എന്ന്. നീ ഒരു ബിഗ് ബോസ് മെറ്റീരിയല്‍ ആണ്.

ജോജു ചേട്ടനും ഉണ്ണിമുകുന്ദനും വിജയ് ബാബുവും ഒക്കെയായാണ് പുതിയ പ്രൊജക്ട് ഡിസ്‌കസ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇവരെല്ലാവരും പറഞ്ഞു നീ ബിഗ് ബോസിനുള്ള മെറ്റീരിയല്‍ ആണ് നീ. പിന്നെ എന്നെ അറിയാവുന്ന സുഹൃത്തുക്കളും ഇത് തന്നെ പറഞ്ഞപ്പോഴുണ്ടായ തോന്നലാണ് പോകാം എന്ന്. മാത്രമല്ല കഴിഞ്ഞ കുറച്ച് നാളുകളായിട്ട് എന്നെ അറിയാവുന്നവർക്കിടയിൽ പോലും എന്നെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട്. ഞാന്‍ ഓരോ വിഷയങ്ങള്‍ക്കെതിരേയുമാണ് പ്രതികരിക്കുന്നത്. എനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ല. അത് മതമായാലും രാഷ്ട്രീയമായാലും. പ്രത്യേകിച്ച് ഒന്നിനോടും മമതയുമില്ല. ചില വിഷയങ്ങളില്‍ ശരിയെന്ന് തോന്നുന്നതിനെ ഞാന്‍ പിന്തുണക്കുമ്പോള്‍ കുറച്ച് ആളുകള്‍ക്ക് അത് തെറ്റുകളായി തോന്നും. അപ്പോള്‍ അവര്‍ നമ്മളെ എതിര്‍ക്കും. അങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങളില്‍ പെടുന്നുണ്ട് ഞാന്‍. ഞാന്‍ ഭയങ്കര കുഴപ്പക്കാരനാണ് എന്ന ധാരണ പൊതുവെ സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കാര്‍ക്കിടയില്‍ ഉണ്ട്.

യഥാര്‍ത്ഥ ഞാന്‍ എന്താണ് എന്ന് എന്നെ അടുത്തറിയാവുന്ന പലര്‍ക്കും അറിയുന്ന സത്യമാണ്. നിങ്ങള്‍ക്ക് മുന്നിലേക്ക് ഞാന്‍ ഇതിലൂടെ വരികയാണ്. ഞാനൊരു നാട്ടിന്‍പുറത്തുകാരനായത് കൊണ്ട് തെറിയൊക്കെ വിളിച്ച് അടിയൊക്കെ ഉണ്ടാക്കി ഇറങ്ങി വരാതിരുന്നാല്‍ കുറച്ച് സമയം അവിടെ നില്‍ക്കാനുള്ള പൊട്ടന്‍ഷ്യല്‍ ഒക്കെ അവിടെ ഉണ്ട്. 

മാളികപ്പുറം സിനിമയുടെ ചര്‍ച്ചയില്‍ ഒരിക്കലും ഭാഗമാകേണ്ട ആളേ ആയിരുന്നില്ല ഞാന്‍. കാരണം ആ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആളാണ്. പ്രത്യേകിച്ച് എന്റെ സിനിമ പോലും എടുത്ത് ഒന്നേകാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം എന്നെ ആ ചര്‍ച്ചയിലേക്ക് എത്തിക്കുന്നത് അയ്യപ്പനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ലൈഫില്‍ സംഭവിച്ചിരുന്ന പല കാര്യങ്ങള്‍ക്കും ഒരു ഈശ്വാരധീനം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സിനിമ പോലും സംഭവിച്ചത് മുന്‍കൂട്ടി തീരുമാനിക്കാതെ സംഭവിച്ചതായിരുന്നു.

ഒരിക്കല്‍ പോലും ബിഗ് ബോസ് കാണാത്ത, ആ പ്രോ​ഗ്രാമിനോട് താല്‍പര്യമില്ലാത്ത ഒരാള്‍ എന്തോ കാരണം കൊണ്ട് അതിലേക്ക് പോകുന്നു. അതിലേക്ക് നയിച്ചത് ഒരു ഈശ്വരശക്തിയാകാം അത് സ്വാമി അയ്യപ്പനാകാം. കാരണം ആ ഒരു സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിലൂടെയാണല്ലോ എനിക്കും ഇങ്ങനെ ഒരു സ്‌പെയ്‌സ് ഉണ്ടായത്. കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കും ഇതിലൂടെ. നിരവധി പേര്‍ ഇത് കാണുന്നുണ്ട് എന്ന് അറിയാം. ആത്യന്തികമായി അതൊരു ഗെയിമാണ്.

ആ ഗെയിമിന്റെ ഭാഗമായി ഞാന്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ഇഷ്ടപ്പെടുന്നു എന്നുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും സപ്പോര്‍ട്ട് ചെയ്യണം. എനിക്ക് കള്ളം കാണിക്കാനും പറയാനും അറിയില്ല. സത്യമെന്ന് തോന്നുന്ന കാര്യങ്ങളില്‍ പ്രതികരിക്കുന്നതിനാല്‍ ചിലര്‍ക്കെങ്കിലും ഞാന്‍ പ്രശ്‌നക്കാരനായി തോന്നിയേക്കാം. പൊളിറ്റിക്കലി വലതുപക്ഷ ആശയങ്ങളാണ് ഉള്ളത്. അഖില്‍ മാരാര്‍ക്കാണ് ബിഗ് ബോസ് സീസണ്‍ 5 ന്റെ കപ്പ് എങ്കില്‍ അത് എന്റെ കൈയില്‍ തന്നെ നില്‍ക്കുകയും ചെയ്യും.''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News