Yezhu Kadal Yezhu Malai: ചെന്തമിഴ്, പുഷ്പം പോലെ പറഞ്ഞ് നിവിന്‍ പോളി; റാം ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് വീഡിയോ കാണാം

Nivin Pauly's Yezhu Kadal Yezhu Malai: അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'പേരൻപ്' എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ റാം തന്നെയാണ് ഏഴ് കടൽ ഏഴ് മലൈ സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 04:35 PM IST
  • നിവിൻ പോളിയുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് ഏഴ് മലൈ, ഏഴ് കടൽ
  • പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്
  • വിടുതലൈയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്
Yezhu Kadal Yezhu Malai: ചെന്തമിഴ്, പുഷ്പം പോലെ പറഞ്ഞ് നിവിന്‍ പോളി; റാം ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് വീഡിയോ കാണാം

ഏറെ പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പേരന്‍പ് സംവിധാനം ചെയ്തത് റാം ആയിരുന്നു. റാമിന്റെ അടുത്ത ചിത്രത്തിൽ എന്തൊക്കെ ആയിരിക്കും ഒളിപ്പിച്ചുവച്ചിരിക്കുക എന്ന് കാത്തിരിക്കുകയാണ് സിനിമാലോകം. നിവിൻ പോളിയേയും സൂരിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി റാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഏഴ് കടല്‍ ഏഴ് മലൈയ്. ഈ സിനിമയിൽ ചെന്തമിഴില്‍ പുഷ്പം പോലെ ഡബ് ചെയ്ത് നിവിന്‍ പോളി അണിയറപ്രവർത്തകരുടെയും തമിഴ് ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇപ്പോൾ. 

ചിത്രത്തിന്റെ ഡബ്ബിങ് ചെന്നൈയില്‍ പൂര്‍ത്തിയായി. നിവിൻ പോളിയുടേയും സൂരിയുടേയും അഞ്ജലിയുടേയും ഡബ്ബിങ് വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. താരങ്ങൾ തന്നെ അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ ഇത് പുറത്ത് വിട്ടിട്ടും ഉണ്ട്. ബിഗ് ബജറ്റ് ചിത്രമായ വിടുതലൈയിൽ നായക വേഷം ചെയ്ത് കോമഡി മാത്രമല്ല ക്യാറക്ടര്‍ റോളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച സൂരി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതും ഏഴ് കടല്‍ ഏഴ് മലൈയെ സവിശേഷമാക്കുന്നു. 

 

പേരൻപിൽ പ്രധാന വേഷം അവതരിപ്പിച്ച അഞ്ജലിയാണ് ഈ ചിത്രത്തിലെ നായിക. പേരന്‍പിന് ശേഷം സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ വീണ്ടും റാമുമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  സിമ്പു നായകനായി എത്തിയ മാനാട് നിർമിച്ച സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.കെ. ഏകാംബരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ. കുമാര്‍, എഡിറ്റിങ്- മതി വി.എസ്, കൊറിയോഗ്രഫി- സാന്‍ഡി, മേയ്ക്കപ്പ്- പട്ടണം റഷീദ്.

നിവിൻ പോളിയുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് ഏഴ് കടല്‍ ഏഴ് മലൈയ് എന്ന് പറയാം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം തമിഴിലും മലയാളത്തിലും പുറത്തിറങ്ങിയിരുന്നു. അതിന് ശേഷം വലിയ ഹൈപ്പോടുകൂടി വന്ന ചിത്രം ആയിരുന്നു ​ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത റിച്ചീ. 2017 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഒരു ചലനവും സൃഷ്ടിക്കാൻ ആയിരുന്നില്ല. രക്ഷിത് ഷെട്ടിയുടെ കന്നഡ സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്.

നിവിൻ പോളി ആരാധക‍ർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഏഴ് കടല്‍ ഏഴ് മലൈയ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നിവിൻ പോളി സിനിമകളിൽ ഒന്നാണ് സാറ്റ‍ർഡേ നൈറ്റ്. റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്ത സിനിമ തീയേറ്ററുകളിൽ കാര്യമായ ഓളമൊന്നും സൃഷ്ടിച്ചില്ല. ചിത്രീകരണം പൂ‍ർത്തിയായി ഏറെ കാലത്തിന് ശേഷം പുറത്തിറങ്ങിയ തുറമുഖം മികച്ച അഭിപ്രായം നേടിയെങ്കിലും ബോക്സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല. അതിന് മുമ്പ് പുറത്തിറങ്ങിയ അബ്രിഡ് ഷൈൻ ചിത്രം മഹാവീര്യറും മികച്ച അഭിപ്രായം നേടിയിരുന്നു. പക്ഷേ, തീയേറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ ആ സിനിമയ്ക്കും കഴിഞ്ഞിരുന്നില്ല.

കേരളത്തിലെ തീയേറ്ററുകളിൽ വൻതരം​ഗങ്ങൾ സൃഷ്ടിച്ചുള്ള താരമാണ് നിവിൻ പോളി. മല‍ർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻമറയത്ത്, 1983, ഓം ശാന്തി ഓശാന, ഒരു വടക്കൻ സെൽഫി, പ്രേമം, ആക്ഷൻ ഹീറോ ബിജു, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകൾ മലയാളികൾക്ക് മറക്കാനാവില്ല. പ്രേമം പലഭാഷകളിൽ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. സമാനമായ രീതിയിൽ തമിഴകത്തും കേരളത്തിലും ഏഴ് കടല്‍ ഏഴ് മലൈയ് തരം​ഗമാകും എന്ന പ്രതീക്ഷയിലാണ് ആരാധക‍ർ. സംവിധായകന്റെ വേഷത്തിൽ റാം ഉണ്ട് എന്നത് ആ പ്രതീക്ഷയ്ക്ക് കൂടുതൽ ചിറകുകൾ നൽകുന്നും ഉണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News