ഖത്തർ ലോകകപ്പിൽ ഒരു തൃശൂർ മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം! ഡോക്ടർമാർ സ്റ്റേഡിയത്തിൽ ഒത്തുകൂടിയപ്പോൾ...

Doctors in Qatar World Cup: ഖത്തറിലെത്തിയ ഈ ഡോക്ടർമാരിൽ ഒട്ടുമിക്ക എല്ലാവർക്കും ഒരു മത്സരം ഒരുമിച്ച് കാണാൻ സാധിച്ചു എന്ന പ്രത്യേകതയും ഉണ്ട്.

Written by - Binu Phalgunan A | Last Updated : Dec 7, 2022, 03:36 PM IST
  • തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവരും ഇപ്പോൾ പഠിക്കുന്നവരുമായി 11 പേരാണ് ഖത്തറിൽ ലോകകപ്പ് കാണാനെത്തിയത്
  • ബ്രസീലും കാമറൂണും തമ്മിലുള്ള മത്സരം നടന്ന ലുസൈൽ സ്റ്റേഡിയം ഇവരുടെ സംഗമത്തിന് വേദിയായി
ഖത്തർ ലോകകപ്പിൽ ഒരു തൃശൂർ മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം! ഡോക്ടർമാർ സ്റ്റേഡിയത്തിൽ ഒത്തുകൂടിയപ്പോൾ...

ദോഹ: ലോകം മുഴുവൻ ഒരു പന്തിന് പിറകെ ഓടുന്ന കാലമാണ് ഫുട്ബോൾ ലോകകപ്പ് കാലം. ദേശത്തിന്റേയും ഭാഷയുടേയും നിറത്തിന്റേയും എല്ലാം അതിരുകൾ മായ്ച്ചുകളയുന്ന കാൽപന്തിന്റെ മാന്ത്രികതയും അത് തന്നെ. അട്ടിമറികൾക്കും വൻവീഴ്ചകൾക്കും ഉയി‍ർത്തെഴുന്നേൽപുകൾക്കും എല്ലാം സാക്ഷ്യം വഹിച്ച ഈ ഫുട്‌ബോൾ ആവേശത്തിനിടയ്ക്ക് ഖത്തറിൽ സംഭവിച്ച ഒരു ചെറിയ കാര്യം അൽപം കൗതുകമുള്ളതാണ്. 

അതൊരു കൂടിച്ചേരലിന്റെ കഥയാണ്. ഒരു കൂട്ടം ഡോക്ടർമാരുടെ കൂടിച്ചേരലിന്റെ കഥ. പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾക്ക് ഇപ്പോൾ വലിയ വാർത്താ പ്രാധാന്യമൊന്നും ഇല്ല. പക്ഷേ, ഖത്തറിൽ ലോകകപ്പിനിടെ അങ്ങനെ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നാൽ അതിന് ഒരിത്തിരി പ്രാധാന്യമുണ്ട്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു സംഘമാണ് ഖത്തറിലെ ഫുട്‌ബോൾ ഗ്യാലറിയിൽ ഒരുമിച്ച് ചേർന്നത്. നിലവിൽ വിദ്യാ‍ർത്ഥികളായവരും അവർക്കൊപ്പം കൂടി.

Doctors in Qatar World Cup1

പല കാലഘട്ടങ്ങളിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവരും ഇപ്പോൾ പഠിക്കുന്നവരുമായ 11 പേർ ഖത്തർ ലോകകപ്പ് അവരുടെ പൂർവ്വ വിദ്യാർത്ഥി സംഗമ വേദിയാക്കുകയായിരുന്നു. മെഡിക്കൽ കോളേജിലെ 27-ാം ബാച്ച് മുതൽ 40-ാം ബാച്ച് വരെയുള്ളവരാണ് ഇവർ. 27-ാം ബാച്ചിലെ ഡോ. അനില കെ, ഡോ. ഷാനിമ, 29-ാം ബാച്ചിലെ ഡോ. ജോസഫ് സച്ചിൻ, 30-ാം ബാച്ചിലെ ഡോ. കിരൺ ഷാജ്, 32-ാം ബാച്ചിലെ ഡോ. ഇമാൻ, 36-ാം ബാച്ചിലെ ഡോ. മുഹമ്മദ് റോഷൻ, ഡോ. ബാസിം ഹാരിസ്, ഡോ. സാവിയോ സൈമൺ, ഡോ ജോൺ സംഗീത്, 39-ാം ബാച്ച് വിദ്യാർത്ഥിയായ ഹാഫിസ്, 40-ാം ബാച്ച് വിദ്യാർത്ഥിയായ ആഷിക്... ഇത്രയും പേരാണ് ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയത്.

Doctors in Qatar World Cup2

 

ഇപ്പോൾ തൃശൂർ ജൂബിലി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോ. ജോൺ സംഗീത് ആയിരുന്നു ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകുന്നവർക്കായി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് കോളേജ് ഗ്രൂപ്പുകളിൽ നിന്ന് പോകാനുറപ്പിച്ചവരെ മുഴുവൻ ആ ഗ്രൂപ്പിലേക്ക് ചേർത്തു. ഒടുവിൽ ഖത്തറിൽ ഇങ്ങനെ ഒരു കൂട്ടായ്മയ്ക്ക് കളമൊരുക്കാൻ മുന്നിൽ നിന്നത് കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോ. കിരൺ ഷാജ് ആയിരുന്നു.

മറ്റൊരു യാദൃശ്ചികത കൂടി ഈ കൂടിച്ചേരലിന് ഉണ്ടായിരുന്നു. ഡിസംബർ 3 ന്, ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ- കാമറൂൺ മത്സരത്തിന് എല്ലാവർക്കും ടിക്കറ്റ് ഉണ്ടായിരുന്നു. അങ്ങനെ ആ ഒത്തുചേരൽ ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് സംഭവിച്ചു.

​Doctors in Qatar World Cup3

ഡോ. അനിലയും ഡോ. ഷാനിമയും ഖത്തറിൽ തന്നെയാണ് ഉള്ളത്. സൗദിയിൽ ജോലി ചെയ്യുന്ന ഡോ ഇമാനും തൃശൂർ ജൂബിലി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോ. ജോൺ സംഗീതും കുടുംബത്തോടൊപ്പമാണ് ഖത്തറിലേക്ക് ലോകകപ്പ് കാണാൻ എത്തിയത്. ഡോ ജോസഫ് സച്ചിൻ യുകെയിൽ നിന്ന് ലോകകപ്പ് കാണാനും ഈ കൂട്ടായ്മയിൽ പങ്കെടുക്കാനും ആയി എത്തി. കിരൺ ഷാജ് കോട്ടയത്ത് ഡെർമറ്റോളജിസ്റ്റ് ആണ്. മുഹമ്മദ് റോഷൻ, ബാസിം ഹാരിസ്, സാവിയോ സൈമൺ എന്നിവർ പോസ്റ്റ് ഗ്രാജുവേഷനുള്ള തയ്യാറെടുപ്പിലാണ്. ഹാഫിസും ആഷിക്കും നിലവിൽ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്.

​Doctors in Qatar World Cup24

അലക്കൊഴിഞ്ഞ് കാശിയ്ക്ക് പോകാൻ നേരമില്ലെന്ന പഴമൊഴി പോലെ ആണ് ഡോക്ടർമാരുടെ ജീവിതം. ആ തിരക്കുകൾ കുറച്ച് ദിവസത്തേക്ക് മാറ്റിവച്ച് അവർ ഖത്തറിലെ ലോകകപ്പ് മാമാങ്കം കാണുകയും അതിലേറെ മധുരതരമായ ഒരു കൂടിച്ചേരലിൽ പങ്കാളികളാവുകയും ചെയ്തു. ഫുട്ബോൾ ഇങ്ങനേയും കൂടിയാണ് മനുഷ്യരുടെ ജീവിതത്തിൽ ഇടപെടുന്നത് എന്ന് പറയുന്നത് ഒരൽപം അതിശയോക്തിയാണെന്ന് തോന്നിയേക്കാം. പക്ഷേ, ഫുട്ബോൾ ചിലപ്പോൾ അതിശയോക്തികളെ പോലും അതിശയിപ്പിക്കുന്ന ഒരു മാന്ത്രികതയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News