സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. മലയാളി താരം സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി നേടി.
ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ലറും തകർപ്പൻ തുടക്കമാണ് രാജസ്ഥാന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 5.5 ഓവറിൽ 85 റൺസാണ് കൂട്ടിച്ചേർത്തത്. 22 പന്തിൽ 7 ബൌണ്ടറികളും 3 സിക്സറുകളും പറത്തിയ ജോസ് ബട്ലർ 54 റൺസുമായാണ് മടങ്ങിയത്. 37 പന്തുകൾ നേരിയ യശസ്വി ജയ്സ്വാൾ 9 ബൌണ്ടറികൾ സഹിതം 54 റൺസ് നേടി. മൂന്നാമനായി ക്രീസിലെത്തിയ നായകൻ സഞ്ജു സാംസണും തകർപ്പൻ ഫോമിലായിരുന്നു. പവർ പ്ലേ പവറായതോടെ സഞ്ജുവിന് പിന്നെ ഇടം വലം നോക്കേണ്ടി വന്നില്ല.
ALSO READ: ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡേ; കോഹ്ലിയും രോഹിത്തും നേർക്കുനേർ
32 പന്തിൽ 55 റൺസ് നേടിയ സഞ്ജുവാണ് രാജസ്ഥാൻറെ ടോപ് സ്കോറർ. 3 ബൌണ്ടറികളും 4 സിക്സറുകളുമാണ് സഞ്ജുവിൻറെ ബാറ്റിൽ നിന്ന് പിറന്നത്. പിന്നാലെ എത്തിയ ദേവ്ദത്ത് പടിക്കലും (2) റിയാൻ പരാഗും (7) നിരാശപ്പെടുത്തിയെങ്കിലും രാജസ്ഥാൻ അപ്പോഴേയ്ക്ക് മികച്ച സ്കോറിൽ എത്തിയിരുന്നു. 16 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്ന ഷിമ്രോൺ ഹെറ്റ്മെയറുടെ പ്രകടനവും കൂടിയായതോടെ രാജസ്ഥാൻറെ സ്കോർ 200 കടന്നു.
സൺറൈസേഴ്സിന് വേണ്ടി ഫസൽഹഖ് ഫാറൂഖി, ടി. നടരാജൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 3 ഓവറിൽ 32 റൺസ് വഴങ്ങിയ പേസർ ഉമ്രാൻ മാലിക്കാണ് അവശേഷിച്ച ഒരു വിക്കറ്റ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചിരുന്നു. അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും റൺസൊന്നും എടുക്കാതെ പുറത്തായി. 13 റൺസ് എടുത്ത ഹാരി ബ്രൂക്കിനെ യുസ്വേന്ദ്ര ചഹൽ മടക്കി അയച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൺറൈസേഴ്സ് 7 ഓവറിൽ 34/3 എന്ന നിലയിലാണ്. മായങ്ക് അഗർവാൾ (22), വാഷിംഗ്ടൺ സുന്ദർ (0) എന്നിവരാണ് ക്രീസിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...