കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ഐപിഎല്ലിൽ ഏവരും കാത്തിരുന്ന ഒന്നായിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊൽക്കത്ത സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയത്. ബംഗളൂരുവിനെ 81 റൺസിന് തകർത്ത് കൊൽക്കത്ത വിജയം ആഘോഷമാക്കി.
ബോളിവുഡ് സൂപ്പർ താരവും കൊൽക്കത്ത ടീമിൻറെ ഉടമയുമായ ഷാറൂഖ് ഖാൻ മത്സരം കാണാനായി ഈഡൻ ഗാർഡൻസിൽ എത്തിയിരുന്നു. മത്സര ശേഷം ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായി കണക്കാക്കപ്പെടുന്ന വിരാട് കോഹ്ലിയെ കിംഗ് ഖാൻ കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കെട്ടിപ്പിടിച്ചതിന് പിന്നാലെ കോഹ്ലിയെ ഷാറൂഖ് ഖാൻ തൻറെ ഏറ്റവും പുതിയ സിനിമയായ പഠാനിലെ നൃത്തച്ചുവടുകൾ പഠിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ALSO READ: ആദ്യ ജയം തേടി ഹൈദരാബാദ്, പിടിച്ചുകെട്ടാൻ ലക്നൗ; ഇന്ന് പോര് കനക്കും
ഝൂമേ ജോ പഠാൻ എന്ന ഗാനത്തിലെ ചുവടുകളാണ് ഷാറൂഖ് കോഹ്ലിയെ പഠിപ്പിക്കാൻ ശ്രമിച്ചത്. കിംഗ് ഖാൻറെ ചുവടുകൾ കോഹ്ലിയ്ക്ക് കുറച്ച് ബുദ്ധിമുട്ടായി തോന്നിയെന്നാണ് ആരാധകർ പറയുന്നത്. കൊൽക്കത്ത-ബെംഗളൂരു മത്സരത്തേക്കാൾ ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്തത് രണ്ട് 'കിംഗുകളെ' ഒരുമിച്ച് കണ്ട വീഡിയോയാണ്. കിംഗ് ഖാൻ എന്നാണ് ബോളിവുഡിൽ ഷാറൂഖ് ഖാൻ അറിയപ്പെടുന്നത്. ക്രിക്കറ്റ് ലോകത്ത് കിംഗ് കോഹ്ലി എന്നാണ് വിരാട് കോഹ്ലിയെ ആരാധകർ വിശേഷിപ്പിക്കുന്നത്.
SRK cheered up virat kohli by hugging and teaching him jhoome jo pathaan step. i guess this fanwar should end here now.pic.twitter.com/8F8VPo4S1w
— ح (@hmmbly) April 6, 2023
അതേസമയം, അവേശകരമായ മത്സരത്തിൽ ടോസ് നേടിയ ബെംഗളൂരു ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 5ന് 89 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട കൊൽക്കത്തയെ ശർദ്ദുൽ താക്കൂറിൻറെ പ്രകടനമാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്. 20 പന്തിൽ അർധ സെഞ്ച്വറി തികച്ച താക്കൂർ 29 പന്തിൽ 68 റൺസ് നേടി. 9 ബൌണ്ടറികളും 3 സിക്സറുകളുമാണ് താക്കൂറിൻറെ ബാറ്റിൽ നിന്ന് പിറന്നത്.
ഏഴാമനായി ക്രീസിലെത്തിയ താക്കൂർ ബെംഗളൂരു ബൌളർമാരെ കണക്കിന് തല്ലി. ഈ സീസണിലെ വേഗമേറിയ അർധ സെഞ്ച്വറിയാണ് താക്കൂർ സ്വന്തമാക്കിയത്. റിങ്കു സിംഗും താക്കൂറും 47 പന്തിൽ 103 റൺസാണ് കൊൽക്കത്ത സ്കോർ ബോർഡിൽ ചേർത്തത്. റിങ്കു സിംഗ് 33 പന്തിൽ 46 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ബെംഗളൂരുവിൻറെ ഇന്നിംഗ്സ് 17.4 ഓവറിൽ 123 റൺസിഷ അവസാനിച്ചു. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, സുയാഷ് ശർമ്മ എന്നിവർ മാത്രം ബെംഗളൂരുവിൻറെ 8 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...