ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം വിലക്ക് മാറി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ശ്രീശാന്ത് (Sreesanth). മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും സിലക്‌ടർമാരുടെയോ ഐപിഎൽ ടീമുകളുടെയോ പ്രീതി നേടാൻ ഈ മലയാളിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കോഴവിവാദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നേരിട്ടതുപോലെയുള്ള ദുർഘട നിമിഷത്തിലാണ് ശ്രീ. എങ്ങനെയും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് താരത്തിന്റെ വാശി. ആളുകള്‍ വിരമിക്കൽ പ്രഖ്യാപിക്കുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്ന പ്രതീക്ഷയും വാനോളം.
കോഴ വിവാദം
2013 മേയ് ഒമ്പതിനു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ (Punjab) കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ശ്രീശാന്തിനെതിരായ ആരോപണം. അറസ്റ്റിനു പിന്നാലെ തെളിവായി നിരവധി വീഡിയോകളും പുറത്തുവന്നതോടെ 2013 സെപ്റ്റംബറിൽ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലില്‍ ചെന്നൈയുടേയും രാജസ്ഥാൻ റോയൽസിന്‍റെയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി താരത്തെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല.
ശ്രീശാന്തിന്റെ തിരിച്ചുവരവ്
2013 ലെ ഐപിഎല്‍ (Ipl) വാതുവയ്പ്പ് കേസിനെ തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് 2019-ൽ സുപ്രീംകോടതി നീക്കിയെങ്കിലും ഏഴ് വർഷം നീണ്ട ബിസിസിഐ വിലക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനുശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി കളിച്ച താരം തിളങ്ങി. ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ബോൾഡ് വിക്കറ്റുമായായിരുന്നു ശ്രീയുടെ അരങ്ങേറ്റം. 38-ാം വയസിലും പഴയ ശ്രീശാന്തിനെ ഓർമപ്പെടുത്തുന്ന വീറും വാശിയും തന്നെയാണ് കളിക്കളത്തിൽ ഇപ്പോഴും കാണാൻ സാധിക്കുന്നത്.
അതിന്റെ ഫലമായിരുന്നു വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ (Up) അഞ്ച് വിക്കറ്റ് നേട്ടവും. 15 വര്‍ഷത്തിനുശേഷമാണ് ലിസ്റ്റ് എ മത്സരത്തിലെ ശ്രീശാന്തിന്റെ അഞ്ചുവിക്കറ്റ് പ്രകടനം.അത്രവേഗം കോഴ വിവാദത്തിന്റെ കറ കഴുകി കളയാനും താരത്തിന് കഴിയില്ല. ആരുംമറക്കാനിടയില്ലാത്ത സംഭവ വികാസങ്ങളുടെ പ്രത്യാഘാതമാണ് ഐപിഎൽ താരലേലത്തിൽ ശ്രീശാന്തിനെതിരെ ടീമുകൾ മുഖംതിരിക്കാനിടയായതും.
ഇനിയുള്ള സാധ്യതകളിൽ വയസും ഒരു പ്രധാനഘടകമാണ്. അത് അതിജീവിച്ചാലും പഴയപോലെയല്ല നിലവിലെ ഇന്ത്യൻ ടീമിന്റെ മുഖം. മികച്ച പേസർമാരുടെ നീണ്ടനിരയെ മറികടക്കാനുള്ള മികവും പ്രാപ്‌തിയും തനിക്കുണ്ടെന്ന് ശ്രീശാന്ത് തെളിയിക്കേണ്ടിയിരിക്കുന്നു.അതായത് നിലവിലെ പേസ് ത്രയങ്ങളായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ഷർദൂൽ താക്കൂർ, ദീപക് ചാഹർ, ടി നടരാജൻ എന്നീ പ്രതിഭാശാലികളെ മറികടക്കാനുള്ള എക്‌സ് ഫാക്‌ടർ ശ്രീശാന്തിനുണ്ടെന്ന് തെളിയിക്കണം. അക്കൂട്ടത്തിൽ ഫിറ്റ്നെസും.
ആയതിനാൽ തന്നെ ഇവരെയെല്ലാം മറികടന്ന് ഇന്ത്യൻ (Indian) ടീമിലേക്കുള്ള ശ്രീയുടെ മടങ്ങിവരവ് അത്ര എളുപ്പമാകില്ല. തുറന്നുപറഞ്ഞാൽ വിദൂര സാധ്യതകൾ പോലുമില്ലെന്ന് സാരം. എങ്കിലും പ്രതീക്ഷയോടെ മുന്നേറിയാൽ പ്രപഞ്ചത്തിൽ കീഴടക്കാനാവാത്തതായി ഒന്നുമില്ലെന്ന വസ്‌തുതയും ചങ്കിലേറ്റേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.