കേരളം നേരിടുന്ന പ്രളയത്തില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ

100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യു.എന്‍ വ്യക്തമാക്കി.

Last Updated : Aug 18, 2018, 12:30 PM IST
കേരളം നേരിടുന്ന പ്രളയത്തില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ

ജനീവ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് അറിയിച്ചതായി അദ്ദേഹത്തിന്‍റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു.

ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യു.എന്‍ വ്യക്തമാക്കി.

സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Trending News