ആലപ്പുഴ: സ്കൂട്ടറിൽ പോലീസ് ജീപ്പിനെ പിന്തുടർന്ന് എത്തി തടഞ്ഞ് നിർത്തിയ ആൾ എസ്ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. എന്നാൽ പരിക്ക് വകവയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ പ്രതിയെ എസ് ഐ പിടികൂടി. ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചുമതലയുള്ള എസ് ഐ വി.ആര്‍.അരുണ്‍ കുമാറിനാണ് (37) ആക്രമണത്തിൽ പരിക്കേറ്റത്.
നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണ് എസ് ഐയെ വെട്ടി പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പോലീസ് സ്റ്റേഷന് സമീപം പാറ ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. പട്രോളിങ് ഡ്യൂട്ടിക്കായി വരികയായിരുന്നു എസ് ഐ. ജീപ്പ് ഡ്രൈവർ മാത്രമാണ് എസ്ഐക്ക് ഒപ്പം ഉണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടര്‍ കൊണ്ട് വന്ന് വട്ടം വെച്ചു.
തുടർന്ന് ജീപ്പില്‍ നിന്നും എസ്ഐ ഇറങ്ങിയപ്പോൾ സ്കൂട്ടറിൽ വച്ചിരുന്ന വാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോൾ എസ്ഐയുടെ വിരലുകളിൽ പരിക്കേൽക്കുകയായിരുന്നു. എന്നാൽ പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളിൽ ഏഴ് സ്റ്റിച്ചുണ്ട്. ഒരു വര്‍ഷം മുൻപാണ് അരുണ്‍ കുമാര്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.
പോലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി; സംഭവം തിരുവനന്തപുരത്ത്
തിരുവന്തപുരത്ത് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരേയും കോസ്റ്റൽ ഗാർഡിനേയും മത്സ്യബന്ധന തൊഴിലാളികൾ തട്ടിക്കൊണ്ട് പോയി. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ ഉദ്യോഗസ്ഥരെയാണ് തട്ടിക്കൊണ്ടുപോയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. മണിക്കൂറുകൾക്കകം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്തിലുള പോലീസ് സംഘം മൂന്ന് പേരേയും മോചിപ്പിക്കുകയും തട്ടിക്കൊണ്ട് പോയ മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരേ പിടികൂടുകയും ചെയ്തു.
തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളിലെത്തിയവർ നിരോധിച്ച കുരുക്കുവല ഉപയോഗിച്ച് മീൻപിടിക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ടിൽ തുമ്പ കടലിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...