ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ മുഖ്യധാര നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇന്നു മുതല്‍ BJP നേതാവ്...!!
22 MLA മാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുയാണ്. മറുവശത്ത് BJP സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല എങ്കിലും സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നാണ് മുഖ്യമന്ത്രി കമല്‍ നാഥടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വാദം.
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത അധികാര തര്‍ക്കമാണ് ഇപ്പോള്‍ സിന്ധ്യയുടെ ചുവടുമാറ്റത്തില്‍ കലാശിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാന മുഖ്യമന്ത്രിയായി പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായി നറുക്ക് വീണത് സോണിയ ഗാന്ധിയുടെ വിശ്വസ്തന് കമല്‍ നാഥിനാണ്.
മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടതോടെ മധ്യപ്രദേശ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്കായി AICC ജനറല്‍സെക്രട്ടറിയും ഉത്തര്‍ പ്രദേശിന്റെ സഹ ചുമതലക്കാരനുമായ സിന്ധ്യയുടെ ലക്ഷ്യം. എന്നാല്‍, സംസ്ഥാന അദ്ധ്യക്ഷ പദവി സിന്ധ്യയ്ക്ക് നല്കാന് കമല്‍ നാഥ് തയ്യാറായിരുന്നില്ല. കൂടാതെ, ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി ഏറെ അലംഭാവം കാട്ടുകയും ചെയ്തു.
ഇതിനിടെ, 2002 മുതല്‍ 2019 വരെ നാലുവട്ടം ലോക്സഭാംഗമായിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 'സിന്ധ്യ കുടുംബം' പരാജയം കാണാത്ത ഗുണയില്‍ പരാജയപ്പെടുകയും ചെയ്തു. ഗുണയിലെ തന്റെ പരാജയത്തിന് പിന്നില്‍ കമല്‍ നാഥ് ആണെന്ന് സിന്ധ്യ ആരോപിക്കുകയും ചെയ്തിരുന്നു.
ജനപ്രിയ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ വേണ്ടത്ര പരിഗണന നല്‍കാത്തത് പാര്‍ട്ടി ഉപേക്ഷിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നാണ് വാര്‍ത്ത. എന്നാല്‍, ഇത് മറ്റൊരു "ഘര്‍ വാപസി"യാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിമര്‍ശനം.
ജ്യോതിരാദിത്യ സിന്ധ്യ അംഗമായ ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാണ് ഈ വിലയിരുത്തല്‍. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവായ മാധവ്റാവു സിന്ധ്യ അടക്കമുള്ള മുന്‍തലമുറക്ക് ഹിന്ദു മഹാസഭയും ജനസംഘുമായി ഉണ്ടായിരുന്ന ബന്ധംതന്നെയാണ് ഈ വിലയിരുത്തലിനു കാരണം. ഗ്വാളിയോര്‍ രാജകുടുംബത്തില്‍നിന്നും മാധവ്റാവു സിന്ധ്യയും ശേഷം ജ്യോതിരാദിത്യ സിന്ധ്യയുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങളായിരുന്നത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കൊപ്പം BJPയുടെ സ്ഥാപക അംഗമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശി രാജമാത വിജയരാജെ സിന്ധ്യ. കൂടാതെ, ജ്യോതിരാദിത്യയുടെ പിതാവ് മാധവ്റാവു സിന്ധ്യ 1972ല്‍ പൊതുജീവിതം ആരംഭിച്ചതും ജനസംഘത്തിലൂടെയാണ്.
മാധവ്റാവു സിന്ധ്യ കോണ്‍ഗ്രസില്‍ അംഗമാകുന്നതിന് പിന്നില്‍ ശക്തമായ കാരണമുണ്ടായിരുന്നു. മാധവ്റാവു സിന്ധ്യയുടെ ഭാര്യ മാധവി രാജെ സിന്ധ്യക്ക് നേപ്പാള്‍ രാജകുടുംബവുമായാണ് ബന്ധം. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം ഒഴിവാക്കി ഇന്ദിര ഗാന്ധി ചെയ്തുകൊടുത്ത ആനുകൂല്യത്തില്‍നിന്നാണ് മാധവ്റാവു സിന്ധ്യയുടെ കോണ്‍ഗ്രസ് ബന്ധം ആരംഭിക്കുന്നത്. 1977ല്‍ ഇന്ദിരയുടെ പിന്തുണയില്‍ സ്വതന്ത്ര എം.പിയായി. 1980ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അങ്ങിനെയാണ് ഗ്വാളിയോര്‍ കുടുംബത്തില്‍നിന്ന് ഒരാള്‍ കുടുംബം പുലര്‍ത്തി വന്നിരുന്ന പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലേയ്ക്ക് കടന്നുവരുന്നത്.
പിന്നീട്, മാധവ്റാവു സിന്ധ്യ 2001 സെപ്റ്റംബര്‍ 30ന് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയത്തിലൂം അദ്ദേഹത്തിന്റെ പിന്തുടര്ച്ചാവകാശിയായി.
രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, യശോധര സിന്ധ്യ തുടങ്ങിയ ഗ്വാളിയോര്‍ രാജകുടുംബത്തിലെ പിതൃബന്ധങ്ങള് എതിര് ചേരിയില്‍ നില്ക്കുമ്പോള്, പിതാവിന്റെ വഴിയേ കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാലമത്രയും ചെയ്തത്.
എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും നേരിടേണ്ടി വന്ന അവഗണന അദേഹത്തെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
അതേസമയം, കോണ്‍ഗ്രസില്‍ നിന്നും ചുവടുമാറി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ എത്തുമ്പോള്‍ ഗ്വാളിയോര്‍ രാജകുടുംബം പൂര്‍ണമായും ഒരു കൊടിക്കീഴില്‍ അണിനിരക്കുകയാണ്....