ജെല്ലിക്കെട്ട് നിരോധനം: ചെന്നൈയിലെ മറീന ബീച്ചില്‍ വിദ്യാര്‍ഥികളടക്കം അയ്യായിരത്തോളം പേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു

Last Updated : Jan 18, 2017, 04:09 PM IST
ജെല്ലിക്കെട്ട് നിരോധനം: ചെന്നൈയിലെ  മറീന ബീച്ചില്‍ വിദ്യാര്‍ഥികളടക്കം അയ്യായിരത്തോളം പേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു

ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തമിഴ്‌നാട്ടില്‍ ശക്തമാകുന്നു. ചെന്നൈ മറിന ബീച്ചില്‍ വിദ്യാര്‍ഥികളടക്കം അയ്യായിരത്തോളം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്.

 

 

ജെല്ലിക്കെട്ടിന് അനുമതി ലഭിക്കും വരെ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു. 500 വര്‍ഷം പഴക്കമുള്ള പാരമ്പര്യത്തെ നിരോധിച്ച നടപടി കോടതി പിന്‍വലിക്കണമെന്നും പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത എല്ലാവരെയും വിട്ടയയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചെന്നൈയ്ക്ക് പുറമെ, കോയമ്പത്തൂരിലും മധുരയിലും ശക്തമായ പ്രക്ഷോഭമാണ് തുടരുന്നത്.

 

 

പ്രമുഖ സിനിമാ താരങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. നടനും ചലച്ചിത്ര സംവിധായകനുമായ ടി.രാജേന്ദ്രന്‍, സംഗീത സംവിധായകരായ ആദി, ജി.വി.പ്രകാശ്, നടന്‍ വിജയ്, കമല്‍ഹാസന്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം, മധുര ജില്ലയിലെ അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ 500 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് അര്‍ധരാത്രി നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്.

2014 ലാണ് ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് വന്നത്. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇത്തരം ആചാരങ്ങള്‍ എന്നതായിരുന്നു ജെല്ലിക്കെട്ട് നിരോധിക്കാന്‍ കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. 

Trending News