'ഏകത' ആദ്യം സിബിഐയിലും റിസര്‍വ് ബാങ്കിലുമാണ് വേണ്ടത്, മോദിയെ പരിഹസിച്ച് വഗേല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ കൂറ്റന്‍ പ്രതിമ ഒക്ടോബര്‍ 31ന് അനാഛാദം ചെയ്യാനിരിക്കെ പരിഹാസവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുന്‍ ബിജെപി നേതാവുമായ ശങ്കര്‍ സിംഗ് വഗേല രംഗത്ത്. 

Last Updated : Oct 30, 2018, 01:08 PM IST
'ഏകത' ആദ്യം സിബിഐയിലും റിസര്‍വ് ബാങ്കിലുമാണ് വേണ്ടത്, മോദിയെ പരിഹസിച്ച് വഗേല

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ കൂറ്റന്‍ പ്രതിമ ഒക്ടോബര്‍ 31ന് അനാഛാദനം  ചെയ്യാനിരിക്കെ പരിഹാസവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുന്‍ ബിജെപി നേതാവുമായ ശങ്കര്‍ സിംഗ് വഗേല രംഗത്ത്. 

സിബിഐയിലെയും റിസര്‍വ് ബാങ്കിലെയും പ്രശ്‌നങ്ങള്‍ പരസ്യമായിരിക്കുന്നു. സിബിഐയെയും ആര്‍ബിഐയെയും ഐക്യത്തിലാക്കുകയാണ് പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടതെന്ന് വഗേല കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ കൂറ്റന്‍ പ്രതിമയുടെ പേരിലാണ് വഗേലയുടെ പരിഹാസം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു വഗേലയുടെ ഈ പരാമര്‍ശം.

ഏത് ഐക്യത്തെക്കുറിച്ചാണു നിങ്ങള്‍ സംസാരിക്കുന്നത്. ഇന്ത്യന്‍ രൂപയെ രക്ഷിക്കാനും ഇന്ധനവില കുറയ്ക്കുന്നതിനുമാണ് ഒന്നിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടേത് ‘മാര്‍ക്കറ്റിംഗ് ഗിമ്മിക്’ ആണ്. വളരെ ലളിതമായ ജീവിതം നയിച്ച സര്‍ദാര്‍ പട്ടേലും പ്രതിമ നിര്‍മാണത്തിന്‍റെ ഉദ്ദേശവും തമ്മില്‍ യാതൊരു താരതമ്യവും കാണുന്നില്ല. 3000 കോടിയുടെ പദ്ധതിയിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ പണം പാഴാക്കുകയാണ്. ഗുജറാത്തിലെ പൊതുകടം 2,50,000 കോടി ആയിരിക്കുമ്പോഴാണ് ഈ നീക്കം. ഒരിക്കല്‍ ഇഷ്ടപ്പെടാതിരുന്ന സര്‍ദാറിന്‍റെ പേര് ബിജെപിക്ക് ഇപ്പോള്‍ എങ്ങനെയാണ് ഇഷ്ടമായതെന്നും വഗേല ചോദിച്ചു.

സര്‍ദാര്‍ പട്ടേലിന്‍റെ ജന്മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു ഒക്ടോബര്‍ 31ന് പ്രതിമ  പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദം ചെയ്യാനിരിക്കെയാണ് പാര്‍ട്ടിവിട്ട വിമത മുന്‍ മുഖ്യമന്ത്രിയുടെ ഈ കടുത് വിമര്‍ശനം. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേഡ് ദ്വീപില്‍ 3,000 കോടി രൂപ ചെലവിലാണ് പട്ടേല്‍ പ്രതിമ പണി പൂര്‍ത്തിയായത്. 182 മീറ്ററാണു പ്രതിമയുടെ ഉയരം. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയവും നവംബര്‍ 1മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.

 

 

Trending News