തിരുവനന്തപുരം: ഇത്തവണ ജൂണിൽ സംസ്ഥാനത്ത് 25% മഴക്കുറവ്. ജൂണിൽ ശരാശരി 648.2 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 മില്ലീ മീറ്റർ മഴ. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല. കഴിഞ്ഞ വർഷം 60% മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായി യിരുന്നു 2023ലേത്. എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്.
ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ (757.5 മില്ലീ മീറ്റർ) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ (879.1 മില്ലീ മീറ്റർ) 14% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. തൊട്ട് പിന്നിൽ കാസർഗോഡ് (748.3 മില്ലീ മീറ്റർ, 24% കുറവ് ) ജില്ലയാണ്. ഏറ്റവും കുറവ് തിരുവനന്തപുരം (289.3 മില്ലീ മീറ്റർ), കൊല്ലം (336.3 മില്ലീ മീറ്റർ) ജില്ലകളിലാണ്.
ഇത്തവണ 2 ദിവസം നേരത്തെ വന്ന (മെയ് 30) കാലവർഷം (കഴിഞ്ഞ വർഷം 8 ദിവസം വൈകി) കേരളത്തിൽ തുടക്കത്തിൽ പൊതുവെ ദുർബലമായിരുന്നു. ജൂൺ ആദ്യ പകുതിയിൽ കാലവർഷ കാറ്റ് പൊതുവെ ദുർബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഉയർന്ന ലെവലിൽ കിഴക്കൻ കാറ്റ് തുടർന്നതിനാൽ ഇടി മിന്നലോടു കൂടിയ മഴയായിരുന്നു ജൂൺ പകുതിയിൽ കൂടുതലും കേരളത്തിൽ ലഭിച്ചത്.
ജൂൺ 20ന് ശേഷം കേരള തീരത്ത് ന്യൂന മർദ്ദപാത്തി രൂപപ്പെടുകയും കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ തുടങ്ങുകയും ചെയ്തതോടെ കാലവർഷത്തിന് പതിയെ ജീവൻ വെച്ചു. കേരളത്തിന് അനുകൂലമായി ഈ കാലയളവിൽ കൂടുതൽ ചക്രവാത ചുഴികളോ ന്യൂന മർദ്ദമോ രൂപപ്പെടാത്തതും അതോടൊപ്പം ആഗോള മഴ പാത്തി എംജെഒ പ്രതിഭാസവും അനുകൂലമാകാതിരുന്നതും ജൂണിൽ മഴ കുറയാനുള്ള പല കാരണങ്ങളിൽ ചിലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy