ദിവസ വേതനത്തിൽ ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ചുവെന്ന വിവാദത്തിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് ആര്യ രാജേന്ദ്രൻ. ഇതിനെതിരെ ഞായറാഴ്ച പൊലീസിൽ പരാതി നൽകുമെന്നും ആര്യ രാജേന്ദ്രൻ അറിയിച്ചതിട്ടുണ്ട്. ഒന്നുകിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിൽ നേരിട്ട് പരാതി നൽകുമെന്നാണ് മേയർ അറിയിച്ചിരിക്കുന്നത്. ഇങ്ങനെയൊരു കത്ത് താൻ നൽകിയിട്ടില്ലെന്നും മേയറുടെ ഓഫീസിൽ നിന്ന് ഇങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.
കൂടാതെ കത്ത് കൈമാറിയതായി പറയുന്ന ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് നഗരസഭാ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നതെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികെയാണെന്നും അറിയിച്ചിരുന്നു. കൂടാതെ ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചുവെന്നും അറിയിച്ചു.
ഇത്തരത്തിൽ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നതെന്നും നഗരസഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മറുപടിയുമായി ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്.
അതേസമയം സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും വിജിലൻസിനും പരാതി നൽകി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് ലിസ്റ്റ് ആവശ്യപ്പെട്ട് കൊണ്ട് വന്നതോടെ നടപടി വൻ വിവാദത്തിലായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അതേസമയം ജി എസ് ശ്രീകുമാറാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയ്ക്ക് പരാതി നൽകിയത്.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു
നഗരസഭ ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും അപേക്ഷ ഒാൺലൈനായാണെന്നും കത്തിൽ പറയുന്നുണ്ട്. ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റാണ് മേയർ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. കത്ത് പുറത്തായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത്. അധികം താമസിക്കാതെ കത്തിൻറെ പകർപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കാൻ തുടങ്ങി. പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...