രാജ്യസഭയിലേക്ക് പുതുമുഖത്തെ പരിഗണിക്കണമെന്ന് കെ.സുധാകരന്‍; പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാമെന്ന് പി.ജെ.കുര്യന്‍

രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന തുറന്ന അഭിപ്രായവുമായി കോണ്‍ഗ്രസ്‌ യുവ നേതൃത്വം രംഗത്തെത്തിയതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള തര്‍ക്കം മുറുകുകയാണ്.

Last Updated : Jun 3, 2018, 03:57 PM IST
രാജ്യസഭയിലേക്ക് പുതുമുഖത്തെ പരിഗണിക്കണമെന്ന് കെ.സുധാകരന്‍; പാര്‍ട്ടി പറഞ്ഞാല്‍ മാറി   നില്‍ക്കാമെന്ന് പി.ജെ.കുര്യന്‍

തിരുവനനന്തപുരം: രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന തുറന്ന അഭിപ്രായവുമായി കോണ്‍ഗ്രസ്‌ യുവ നേതൃത്വം രംഗത്തെത്തിയതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള തര്‍ക്കം മുറുകുകയാണ്.

യുവ നേതാക്കളായ ഹൈബി ഈഡന്‍, വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം ജോണ്‍ തുടങ്ങിയവരാണ് രാജ്യസഭയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവുമായി എത്തിയത്. 

യുവാക്കളെയോ പുതുമുഖങ്ങളെയോ രാജ്യസഭയിലേയ്ക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ യുവ എംഎല്‍എമാര്‍ ഉറച്ച് നില്‍ക്കുമ്പോള്‍ അവര്‍ക്ക് പിന്തുണയുമായി കെ സുധാകരന്‍ രംഗത്ത്‌. 
കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമാണെന്നും രാജ്യസഭയിലേക്ക് പി.ജെ. കുര്യന് പകരം പുതുമുഖത്തെ പരിഗണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. അതേസമയം, രാജ്യസഭയിലേക്ക് ആരെ അയയ്ക്കണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന് വ്യക്തമായ പദ്ധതിയുണ്ട്. പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കുന്നത് യുവനേതാക്കള്‍ അവസാനിപ്പിക്കണം. അഭിപ്രായം പറയേണ്ടത് പരസ്യമായല്ല, പാര്‍ട്ടി ഫോറത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ സീറ്റിലേക്കുള്ള മത്സരത്തില്‍നിന്നും മാറിനില്‍ക്കാമെന്ന് പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടു. യുവാക്കളുടെ അവസരത്തിന് തടസമാവില്ല എന്നും യുവതലമുറയുടെ  അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നതായും പി.ജെ. കുര്യന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യന്‍ ഇനി മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവനിര രംഗത്തെത്തിയ സാഹചര്യത്തിലാണ് കുര്യന്‍റെ പ്രതികരണം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി യുവ നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.

 

Trending News