പാലക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിനിടെ വനിത നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്ന നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സംസ്ഥാന നിര്‍വാഹക സമിതിയംഗവും തിരുവനന്തപുരം സ്വദേശിയുമായ വിവേക് എച്ച് നായരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ദേശീയ നേതൃത്വം പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇയാളെ ഒഴിവാക്കി.
പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തിന്റെ രണ്ടാമത്തെ ദിവസമായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വനിത നേതാവ് ശുചിമുറിയിലേക്ക് പോകുന്നതിനിടെ മദ്യലഹരിയിലെത്തിയ വിവേക് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നായിരുന്നു പരാതി. മറ്റ് പലര്‍ക്കും ഇതേ അനുഭവം ഉണ്ടായെന്നും തിരുവനന്തപുരം സ്വദേശിനിയായ വനിത നേതാവിന്റെ പരാതിയില്‍ പറയുന്നു. വനിതാ നേതാവിന്റെ പരാതി പരിഗണിച്ച ദേശീയ നേതൃത്വം യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് വിവേകിനെ പുറത്താക്കുകയായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി.പുഷ്പലതയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വിവേകിനെ പുറത്താക്കിയതായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റും അറിയിച്ചു.
അതേസമയം വനിതാ നേതാവ് പരാതി നല്‍കിയിട്ടില്ലെന്നും അവരുടെ പേരില്‍ മറ്റാരോ പരാതിയുണ്ടാക്കി അയയ്ക്കുകയായിരുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു. പരാതിയുടെ പകര്‍പ്പ് പുറത്തുപോയതിലും ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. നേതാവിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായപ്പോള്‍ തന്നെ പെണ്‍കുട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. നടപടിയെടുക്കാമെന്ന നേതൃത്വം നൽകിയ ഉറപ്പില്‍ അവര്‍ തൃപ്തയായിരുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. സംഘടനയെ മോശപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് പരാതി തയാറാക്കി അയച്ചതെന്നും ആക്ഷേപമുണ്ട്.
എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ മുന്നില്‍ ഇത്തരമൊരു പരാതി എത്തിയിട്ടില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നു. അങ്ങനെയെങ്കില്‍ നേരിട്ട് കേന്ദ്ര നേതാക്കളെ സമീപിച്ച കാര്യത്തിലും അന്വേഷണമുണ്ടായേക്കും.
Sreejith Ravi Remanded: ശ്രീജിത്ത് രവി ജയിലിലേക്ക്; നഗ്നതാ പ്രദര്‍ശന കേസില്‍ ജാമ്യം നല്‍കാതെ കോടതി, 14 ദിവസം റിമാന്‍ഡ്
തൃശൂര്‍: പോക്സോ കേസില്‍ സിനിമ താരം ശ്രീജിത്ത് രവിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ശ്രീജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവായി. തൃശൂരിലെ പാര്ക്കിന് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതാദ്യമായിട്ടല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തുന്നത്. നേരത്തേയും സമാനമായ പരാതിയിൽ കേസ് എടുത്തിരുന്നു.
തൃശൂര്‍ പോക്സോ കോടതിയാണ് ശ്രീജിത്ത് രവിയെ റിമാന്‍ഡ് ചെയ്തത്. മാനസികാരോഗ്യ പ്രശ്നം ചൂണ്ടിക്കാണിച്ച് ജാമ്യം നല്‍കണം എന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. 2016 ല്‍ രക്ഷപ്പെട്ടെങ്കിലും ഇപ്പോള്‍ ജയിലിലേക്ക് പോകാനാണ് ശ്രീജിത്ത് രവിയുടെ വിധി.
മാനസിക രോഗം മൂലമാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നായിരുന്നു ശ്രീജിത്തിന്റെ വിശദീകരണം. മരുന്നുമുടങ്ങിയതോടെയാണ് പ്രശ്നമായത് എന്നും പറഞ്ഞിരുന്നു. ഇതിനായി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു. പക്ഷേ, ഹാജരാക്കിയ രേഖ ഇന്നത്തെ (ജൂലായ് 7, വ്യാഴാഴ്ച) തിയ്യതിയില്‍ ഉള്ളതായിരുന്നു. ശ്രീജിത്ത് രവി ആറ് മാസം മുമ്പ് വരെ ചികിത്സ തേടിയിരുന്നു എന്ന കാര്യം പ്രോസിക്യൂഷനും അംഗീകരിച്ചിരുന്നു. പക്ഷേ, സമാനമായ കുറ്റകൃത്യങ്ങള്‍ മുമ്പും പ്രതി ചെയ്തിട്ടുണ്ട് എന്ന് പ്രോസിക്യൂഷന് വാദിക്കുകയായിരുന്നു. ജാമ്യം അനുവദിക്കരുത് എന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...