ശബരിമലയിൽ ശുദ്ധിക്രിയ; നട അടച്ചു

ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനുള്ള നടപടികള്‍ക്കായി പത്തരയ്ക്കാണ് നട അടച്ചത്.

Last Updated : Jan 2, 2019, 11:02 AM IST
ശബരിമലയിൽ ശുദ്ധിക്രിയ; നട അടച്ചു

സന്നിധാനം: ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനുള്ള നടപടികള്‍ക്കായി പത്തരയ്ക്കാണ് നട അടച്ചത്.

 

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നട അടച്ചിടാന്‍ തന്ത്രിയുടെ തീരുമാനം. മേല്‍ശാന്തിമാരും തന്ത്രിമാരും കൂടിയാലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

പരിഹാരക്രിയക്ക് വേണ്ടിയാണ് നട അടച്ചത്. ശുദ്ധിക്രിയ കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം നട തുറക്കുമെന്നാണ് സൂചന. കൂടാതെ, നെയ്യഭിഷേകം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭക്തരെ തിരുമുറ്റത്ത് നിന്നും മാറ്റുകയും ചെയ്തു. 

ശബരിമല നട അടച്ച വിവരം തന്ത്രി ഫോണിലൂടെ അറിയിച്ചതായി ദേവസ്വംബോര്‍ഡ് അദ്ധ്യക്ഷന്‍ പറഞ്ഞു. 

സാധാരണ പുലര്‍ച്ചെ 3 മണിയ്ക്ക് തുറക്കുന്ന നട  ഉച്ചയ്ക്ക് 1 മണിയ്ക്കാണ് അടയ്ക്കാറ്.

ഇന്ന് പുലര്‍ച്ചെയാണ് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. 

പുലര്‍ച്ചെ മൂന്നുമണിക്ക് ഇരുവരും സന്നിധാനത്തെത്തിയെന്നും 3:45ന് പൊലീസിന്‍റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും മാധ്യമങ്ങളോട് പറയുകയുണ്ടായി. 

പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നട തുറക്കുന്നത്. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും കഴിഞ്ഞ ഡിസംബര്‍ 24നാണ് ഇതിനുമുമ്പ്  ദര്‍ശനത്തിനെത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്നിരുന്നു.

രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ വിവരം മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു. 

 

Trending News