ഇന്ത്യൻ സംസ്കാരം മുഴുവൻ ഒരു കുടക്കീഴിൽ; അനന്തപുരിക്ക് ഉത്സവ ലഹരിയായി സരസ് മേള

രാജ്യത്തെ 600 ഓളം  സംരംഭകരാണ് 250 വിപണന സ്റ്റാളുക‍ളിലൂടെ മേളയുടെ ഭാഗമാകുന്നത്. 

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Apr 5, 2022, 02:46 PM IST
  • ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ
  • രാജ്യത്തെ 600 ഓളം സംരംഭകരാണ് 250 വിപണന സ്റ്റാളുക‍ളിലൂടെ മേളയുടെ ഭാഗമാകുന്നത്.
  • വിവിധ സംസ്ഥാനങ്ങളിലെ രുചിക്കൂട്ടുകൾ നാവിൻ തുമ്പിലൊരുക്കുന്ന ഫുഡ് കോർട്ട്
ഇന്ത്യൻ സംസ്കാരം മുഴുവൻ ഒരു കുടക്കീഴിൽ; അനന്തപുരിക്ക് ഉത്സവ ലഹരിയായി സരസ് മേള

രാജ്യത്തെ ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് തിരുവനന്തപുരം കനകകുന്നിൽ സംഘടിപ്പിക്കുന്ന സരസ് മേളയിലൂടെ.  രാജ്യത്തെ 600 ഓളം  സംരംഭകരാണ് 250 വിപണന സ്റ്റാളുക‍ളിലൂടെ മേളയുടെ ഭാഗമാകുന്നത്. സ്വയം സഹായ സംഘങ്ങളിൽ അധിഷ്ഠിതമായ കരകൗശല, കൈത്തറി,  ഭക്ഷ്യോത്പനങ്ങൾ എന്നിവയുടെ പ്രദർശനവും മേളയ്ക്ക് മിഴിവേകുന്നു. രാജ്യമെമ്പാടും നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളുടെ അധ്വാനമാണ് സ്ത്രീ സംരംകത്വത്തിന്റെ വലിയ ഉദാഹരണമായി മേളയിൽ നിറയുന്നത്. 

ഗ്രാമീണ വനിത സ്വയം സഹായക അംഗങ്ങൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ഉൽപ്പന്നങ്ങൾ വിൽക്കാനും ദേശീയ തലത്തിലുള്ള വിപണി ഒരുക്കുകയാണ് സരസ് മേള. വിവിധ തരത്തിലുള്ള കരകൗശല ഉൽപ്പന്നങ്ങൾ മേളയ്ക്ക് മാറ്റ് കൂട്ടുന്നു. മികച്ച വിപണി സാധ്യതകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്കാരങ്ങളും തനത് ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വര്‍ഷം തോറും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ  സംഘടിപ്പിക്കുന്ന സരസ് മേളകൾ ഇന്ത്യയുടെ തനത് രുചിക്കൂട്ടുകളും കാണികളുടെ മനം നിറയ്ക്കും.

നമ്മുടെ വീടുകളിൽ കാണുന്ന ചക്കയും കൂണുമൊക്കെ അത്ര നിസാരക്കാരല്ല എന്ന് മേളയിലെത്തുന്ന ആർക്കും ബോധ്യമാകും. ചക്ക വിഭവങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട് മേളയിൽ. ഇവിടെ എത്തുന്ന കാണികൾ ഈ രുചിക്കൂട്ടുകൾ ഒന്ന് പരീക്ഷിക്കാനും മടിക്കുന്നില്ല.  സരസ് മേളയിൽ ഏറ്റവുമധികം സ്റ്റാളുകളിൽ ഇടം പിടിച്ചത് ചക്ക വിഭവങ്ങൾ തന്നെയാണ്. ചക്ക മുറുക്ക്, ചക്ക പപ്പടം, ചക്ക പുട്ടുപൊടി തുടങ്ങി ആകെ ഒരു ചക്കമയം തന്നെയാണ് പല സ്റ്റാളുകളിലും.  കൂടാതെ തേൻ വിഭവങ്ങളും മേളയിലെ പ്രധാന ആകർഷണങ്ങളിൽൽ പെടുന്നു. നാടൻ തേൻ, തേനട, തേൻ നെല്ലിക്ക, കാന്താരി തേൻ, വെളുത്തുള്ളി തേൻ, മഞ്ഞൾ തേൻ, ഇഞ്ചി തേൻ തുടങ്ങി രുചി വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ് ഇവിടെ ഒരുക്കുന്നത്. 

ഇതു കൂടാതെ കൂൺ വിഭവങ്ങളും മേളയിലുണ്ട്. കൂണുകൊണ്ടുള്ള സോപ്പ് മുതൽ കേക്ക്, എണ്ണ, തുടങ്ങി തൈറോയിഡ് മാറ്റാനുള്ള പൗഡർ പോലും ഉണ്ട് തിരുവനന്തപുരത്ത് നിന്ന് ഒരുക്കിയിട്ടുള്ള ഈ സ്റ്റാളിൽ. മേളയുടെ പ്രധാന ആകർഷണങ്ങളാണ്. കരകൗശല ഉൽപ്പന്നങ്ങൾ. കളിമണ്ണു കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളും മേളയുടെ ആകർഷണങ്ങളിൽ പെടുന്നുണ്ട്. ബുദ്ധ പ്രതിമ മുതൽ പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഉൽപ്പന്നങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. 

കൂടാതെ രാജ്യത്തെ വിവിധ സംസ്കാരങ്ങളുടെ തനത് ഉൽപ്പന്നങ്ങളും പരിചയപ്പെടാനുള്ള അവസരം കൂടി ഒരുക്കുകയാണ് മേള. വിവിധ സംസ്ഥാനങ്ങളിലെ പാരമ്പര്യ രീതിയിലുള്ള തുണിത്തരങ്ങളും ആഭരണങ്ങളും ഇതിൽ ഉൾപ്പെടും.  എന്നാൽ പലപ്പോഴും ഇത്തരം മേളകൾ വെറും പ്രദർശനങ്ങൾ മാത്രമായി പോകാറുണ്ടെന്ന പരാതിയും ഇവരിൽ ചിലർക്കെങ്കിലുമുണ്ട്. സന്ദർശകർ വന്ന് മേള കണ്ട് മടങ്ങുന്നതല്ലാതെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ താൽപര്യം പ്രകടിപ്പിക്കാറില്ലെന്നും ഇവർ പറയുന്നു. ഇവിടെ മേളയ്ക്കെത്തുന്നവർ അന്യ സംസ്ഥാനക്കാരായ സംരംഭകര്‍ പറയുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചിക്കൂട്ടുകൾ നാവിൻ തുമ്പിലൊരുക്കുന്ന ഫുഡ് കോർട്ടാണ് മേളയുടെ പ്രധാന ആകർഷണം. രാജ്യത്തെ വൈവിധ്യമാർന്ന ഭക്ഷണ പാരമ്പര്യങ്ങൾ ഒരുമിച്ച് ഒരു കുടക്കീഴിൽ വിപണനം ചെയ്യുന്നതിനുള്ള പൊതു വേദി പ്രദാനം ചെയ്യുക എന്ന ആശയമാണ് ആജീവിക ഇന്ത്യൻ ഫുഡ് കോർട്ടിൽ ഒരുക്കുന്നത്. ഇത്തരം വേദികളിലൂടെ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് ഭക്ഷണത്തെ കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവ് വരുമാന മാർഗ്ഗമായി മാറ്റാനുള്ള അവസരവും ഇതിലൂടെ ലഭിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News