പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം റിലീസ് വീണ്ടും മാറ്റിവച്ചു. പുതിയ റിപ്പോർട്ട് പ്രകാരം ജൂൺ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ജൂൺ മൂന്നിനാണ് തുറമുഖം റിലീസ് ചെയ്യാനിരുന്നത്. നിയമപ്രശ്നങ്ങൾ ഉൾപ്പെടെ ചില അപ്രതീക്ഷിത കാരണങ്ങളാൽ തുറമുഖം റിലീസ് വീണ്ടും നീട്ടേണ്ടി വന്നു എന്നായിരുന്നു ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരാഴ്ചത്തേക്ക് കൂടി റിലീസ് നീട്ടിയിരിക്കുകയാണ്. ജൂൺ 10ന് നിങ്ങൾക്ക് മുൻപിൽ ചിത്രം എത്തുമെന്നും അതിനുള്ള പരിശ്രമത്തിലാണെന്നും ഗീതു മോഹൻദാസ് കുറിച്ചു.
"നിയമപ്രശ്നങ്ങൾ ഉൾപ്പെടെ ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം, ഒരിക്കൽ കൂടി "തുറമുഖം" റിലീസ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. കോവിഡ്, തിയേറ്റർ അടച്ചുപൂട്ടൽ, സാമ്പത്തിക പ്രതിസന്ധികൾ, സിനിമാ വ്യവസായത്തിലെ സമൂലമായ മാറ്റങ്ങൾ എന്നിവ കാരണം കഴിഞ്ഞ മൂന്ന് വർഷമായി റിലീസ് തിയതിയിൽ വരുന്ന മാറ്റം സിനിമാ പ്രേമികളെയും പ്രദർശന മേഖലയെയും അതിനായി പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും വീണ്ടും വീണ്ടും നിരാശപ്പെടുത്തി. പക്ഷേ, കഠിനാധ്വാനം കൊണ്ട് ഞങ്ങൾ നിർമ്മിച്ച ഞങ്ങളുടെ സിനിമയെ സ്ക്രീനിലെത്തിക്കാനുള്ള ഉറച്ച ദൃഢനിശ്ചയം ഓരോ തിരിച്ചടിയിലും കൂടുതൽ കൂടുതൽ ശക്തമാവുകയാണ്. ഈ സിനിമാ അനുഭവം ജൂൺ 10ന് വെള്ളിത്തിരയിൽ നിങ്ങളുടെ മുൻപിൽ അനാവരണം ചെയ്യും. ഇത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ"... - ഗീതു മോഹൻദാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Also Read: Thuramukham Release Date: നിവിൻ പോളി ചിത്രം തുറമുഖം തിയറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു
നിരന്തരമായി റിലീസ് തിയതി മാറ്റുന്നതിനെ തുടർന്ന് പ്രേക്ഷകർ അസ്വസ്ഥരാണ് എന്നുള്ളത് പോസ്റ്റിന് ലഭിച്ചിരിക്കുന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ്. പോസിറ്റീവ് കമന്റുകളും ലഭിക്കുന്നുണ്ട്. ജൂൺ മൂന്നിന് കമൽ ഹാസൻ ചിത്രം വിക്രം സിനിമ ഇറങ്ങുന്നതിനാൽ ഒരു ക്ലാഷ് ഉണ്ടാകാതിരിക്കാനാണ് റിലീസ് മാറ്റിയതെന്നും റിപ്പോർട്ടുണ്ട്.
രാജീവ് രവിയാണ് തുറമുഖത്തിന്റെ സംവിധായകൻ. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.
പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...