ഫിഫാ ലോകകപ്പ് ഇത്തവണ ആഫ്രിക്കൻ ടീമായ കാമെറൂൺ സ്വന്തമാക്കുമെന്ന് മുൻ ബാഴ്സലോണ താരം സാമുവേൽ എറ്റോ. ഫൈനലിൽ മറ്റൊരു ആഫ്രിക്കൻ ടീമായ മൊറോക്കൊയെ തോൽപ്പിച്ചാകും കമെറൂൺ ആദ്യമായി ഫിഫാ ലോകകപ്പ് സ്വന്തമാക്കുന്ന ആഫ്രിക്കൻ ടീമാകുമെന്ന് എറ്റോ സ്പോർട്സ് മാധ്യമമായ ഇഎസ്പിഎനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻ കാമെറൂൺ താരമായിരുന്ന എറ്റോ തന്റെ കരിയറിൽ നാല് തവണ ലോകകപ്പിൽ പങ്കെടുത്തിട്ടുണ്ട്.
അതേസമയം ലോകകപ്പ് ചരിത്രത്തിൽ ഒരു ആഫ്രിക്കൻ ടീം പോലും ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടില്ല. 1990ൽ കാമെറൂൺ, 2002ൽ സെനെഗൽ 2010ൽ ഘാന എന്നീ ടീമുകൾ മാത്രമാണ് ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുള്ള ആഫ്രിക്കൻ ടീമുകൾ. ഫിഫാ റാങ്കിങ് പട്ടികയിൽ നിലവിൽ 35-ാം സ്ഥാനത്താണ് കാമെറൂൺ. മൊറോക്കോയാകട്ടെ 22-ാം സ്ഥാനത്താണ്. ഇരു ടീമുകൾക്കും പുറമെ സെനെഗലും ഘാനയുമാണ് ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്ന മറ്റ് ആഫ്രിക്കൻ ടീമുകൾ.
അതേസമയം ലോകകപ്പിൽ മുന്നോടിയായി സെനെഗലിന് തിരിച്ചടിയേറ്റിരിക്കുകയാണ്. സെനെഗലീസ് സൂപ്പർ താരം സാഡിയോ മാനെയ്ക്ക് കഴിഞ്ഞ ദിവസം നടന്ന ബയൺ മ്യൂണിക്ക് വെർഡർ ബ്രെമെൻ മത്സരത്തിനിടെ കാലിന് പരിക്കേറ്റു. പരിക്കേറ്റ താരത്തെ മത്സരത്തിന്റെ 20 മിനിറ്റിൽ തന്നെ ബയൺ കോച്ച് പിൻവലിക്കുകയും ചെയ്തു. ആഫ്രിക്കൻ താരത്തിനേറ്റ പരിക്ക് സാരമുള്ളതല്ലയെന്നായിരുന്നു ആദ്യം ബയണിന്റെ കോച്ചിങ് സ്റ്റാഫുകൾ അറിയിച്ചിരുന്നത്. എന്നാൽ ഫ്രെഞ്ച് സോപ്ർട്സ് മാഗസീൻ ലെഎഖ്വിപ് പരിക്കേറ്റ മാനെയ്ക്ക് ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കില്ലയെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ലോകകപ്പിൽ ഒന്നാം ഗ്രൂപ്പ് ടീമായ സെനെഗലിന്റെ ആദ്യ മത്സരം നവംബർ 21ന് നെതർലാൻഡ്സിനെതിരെയാണ്. ഖത്തർ, ഇക്വഡോറാണ് സെനെഗെൽ അടങ്ങുന്ന ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ. ശക്തരായ ബെൽജിയത്തിനൊപ്പം ഗ്രൂപ്പ് എഫിലാണ് മൊറോക്കോയുള്ളത്. ഒപ്പം കാനഡയും ക്രൊയേഷ്യയും ഗ്രൂപ്പ് എഫിൽ ഇടം നേടി. ലാറ്റിൻ അമേരിക്കൻ ശക്തി കേന്ദ്രമായ ബ്രസീലിനൊപ്പം ഗ്രൂപ്പ് ജിയിലാണ് കാമെറൂണുള്ളത്. മറ്റൊരു ആഫ്രിക്കൻ ടീമായ ഘാന ഗ്രൂപ്പ് എച്ചിലും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...