വേനൽക്കാലമാണ്, ചുട്ടുപൊള്ളുന്ന വെയിലും. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ചൂടിന് ഒരു ആശ്വാസമായി നാരങ്ങാ വെള്ളം കുടിക്കുന്നവരുമുണ്ട്. ചൂടുകാലത്ത് ഉള്ളുതണുപ്പിക്കാൻ നാരങ്ങാവെള്ളം ബെസ്റ്റാണ്. ഇതിൽ വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ഒരു ഉന്മേഷം നൽകും. ചിലർ ദിവസവും രാവിലെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ട്. അങ്ങനെ ദിവസവും കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ക്ലെൻസ് ചെയ്യാൻ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
പക്ഷേ അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. നാരങ്ങാ വെള്ളവും അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്. അമിതമായി നാരങ്ങാവെള്ളം കുടിച്ചാൽ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. ദിവസവും അൽപം തേൻ ചേർത്ത് വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്. എന്നാൽ ഇത് കൂടുതൽ കുടിക്കുന്നത് ഉദരത്തിന്റെ പാളിയെ ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തും. ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. ഇത് പിന്നീട് നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം വായുക്ഷോഭം എന്നിവയ്ക്ക് കാരണമാകും. നാരങ്ങയിൽ അമ്ലത കൂടുതലായത് കൊണ്ട് തന്നെ അൾസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് വിഷാംശങ്ങളെ നീക്കി ശരീരത്തെ ക്ലെൻസ് ചെയ്യാൻ സഹായിക്കും എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് ഒരു ഡൈയൂററ്റിക് ആണ്. ഇത് വൃക്കകളിൽ കൂടുതൽ മൂത്രം ഉല്‍പാദിപ്പിക്കുന്നതിലേക്ക് നയിക്കും. മൂത്രമൊഴിക്കുമ്പോൾ വെള്ളത്തോടൊപ്പം ഇലക്ട്രോലൈറ്റുകളും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. ഇത് പിന്നീട് നിർജലീകരണത്തിന് കാരണമാകുന്നു. ക്ഷീണം, ചുണ്ടുകൾ വരളുക, അമിതദാഹം എന്നിവയ്ക്കും ഇത് കാരണമാകും.
അമിത അളവിൽ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമായേക്കും.
നാരങ്ങ അസിഡിക് ആയത് കൊണ്ട് നാരങ്ങാവെള്ളത്തിന്റെ അമിത ഉപയോഗം പല്ലിന് പുളിപ്പ് ഉണ്ടാക്കും. കൂടാതെ ഇത് പല്ലിന്റെ ഇനാമൽ ദ്രവിക്കാൻ ഇടയാക്കുകയും ചെയ്യും.
നാരങ്ങ കൂടുതലായി ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. ഇത് രോമകൂപങ്ങളെ വരണ്ടതാക്കും. മുടി പൊട്ടാനും സാധ്യതയുണ്ട്.
Also Read: Sugarcane: വേനലിൽ ഉള്ളം തണുപ്പിക്കാൻ കരിമ്പിൻ ജ്യൂസ്; അറിയാം കരിമ്പിൻ ജ്യൂസിന്റെ ഗുണങ്ങൾ
ചിലർക്ക് കവിളിനുള്ളിലും നാവിനടിയിലുമൊക്കെ വ്രണങ്ങൾ വരാറുണ്ട്, ശ്രദ്ധിച്ചിട്ടുണ്ടോ? നാരങ്ങാവെള്ളം ഒരുപാട് കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ അത് തന്നെയാണ് ഈ വ്രണങ്ങൾക്ക് കാരണം. നാരങ്ങ അസിഡിക് ആയതിനാൽ ഇത് കൂടുതൽ കുടിക്കുമ്പോള്‍ വൈറ്റമിന്റെ കുറവുണ്ടാകുകയും വ്രണങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. വ്രണങ്ങൾ ഉള്ളവർ നാരങ്ങാവെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുക. ഇല്ലെങ്കിൽ രോഗം ഗുരുതരമാകും.
ഇത്രയും വായിക്കുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും അപ്പോൾ നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമാണോ എന്ന്. ഒരിക്കലും അല്ല. കൃത്യമായ അളവിൽ കുടിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് മാത്രമല്ല ശരീരത്തിന് ഉത്തമവുമാണ്. എങ്കിൽ ഒരു ദിവസം എത്ര ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം?
ദിവസവും രണ്ടു ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഒരു ലിറ്റർ വെള്ളത്തിൽ നാല് നാരങ്ങ ചേർത്ത് കുടിക്കാം. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തും. ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് അതിൽ, തേൻ, പുതിനയില, ഇഞ്ചി ഇവ കൂടി ചേർത്തു കുടിക്കുന്നത് അത്യുത്തമമാണ്. കൃത്യമായ അളവിൽ ദിവസവും നാരങ്ങാ വെള്ളം കുടിച്ച് ശരീരത്തിന് ഉന്മേഷം നൽകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...