ലാലുവിനും മകനും ഹാജരാവാന്‍ പുതിയ തിയതി നല്‍കി സിബിഐ

റെയില്‍വെ ഹോട്ടല്‍ ടെന്‍ഡര്‍ കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവനും മകനും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ പുതിയ തിയതി നല്‍കി. 

Last Updated : Oct 3, 2017, 11:51 AM IST
ലാലുവിനും മകനും ഹാജരാവാന്‍ പുതിയ തിയതി നല്‍കി സിബിഐ

പാറ്റ്ന: റെയില്‍വെ ഹോട്ടല്‍ ടെന്‍ഡര്‍ കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവനും മകനും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ പുതിയ തിയതി നല്‍കി. 

പുതിയ തിയതി അനുസരിച്ച് ഒക്ടോബര്‍ 5ന് ലാലുവും ഒക്ടോബര്‍ 6ന് തേജ്വസി യാദവും സിബിഐയ്ക്കു മുന്‍പാകെ ഹാജരാവണം. 

കഴിഞ്ഞ മാസം 11, 12 തീയതികളില്‍ ഹാജരാകുവാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നേരത്തെ തീരുമാനിച്ച രാഷ്ട്രീയ പരിപാടികള്‍ മൂലം ഹാജരാകുവാനുള്ള അസൗകര്യം ഇവര്‍ അറിയിക്കുകയായിരുന്നു. അതിന് ശേഷം ഈ മാസം, 4, 5  തിയതികളില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. അതിലും അസൗകര്യം അറിയിച്ചതിനാലാണ് വീണ്ടും ഒരു തിയതി മാറ്റം. 

ഇത് മൂന്നാം തവണയാണ് ഹാജരാവാനുള്ള തിയതിയില്‍ മാറ്റമുണ്ടാവുന്നത്. 

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന 2004-2009 കാലഘട്ടത്തില്‍ നടത്തിയ അഴിമതി സംബന്ധിച്ച് കഴിഞ്ഞ ജൂലൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലാലുവിനെ കൂടാതെ ഭാര്യ റാബ്രി ദേവി, തേജ്വസി യാദവ് എന്നിവരെ പ്രതിയാക്കിയായിരുന്നു കേസ്. 

മക്കളും ഭാര്യയുമടക്കം ലാലുവിന്‍റെ കുടുംബത്തിലെ അഞ്ചു പേര്‍ക്കെതിരെയും നികുതി വെട്ടിപ്പും അനധികൃത ഭൂമിയിടപാടുകളും അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. നിരവധി കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം ആദായ നികുതി വകുപ്പ് അധികൃതര്‍ മകന്‍ തേജ്വസി യാദവിനേയും ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയേയും ചോദ്യം ചെയ്തിരുന്നു.

 

 

Trending News