ന്യുഡൽഹി: കോറോണ വൈറസ് രാജ്യത്ത് താണ്ഡവം ആടുന്നത് തുടരുകയാണ്. അതുകൊണ്ടുതന്നെ കോറോണ ബാധിതരുടെ എണ്ണം രാജ്യത്ത് പതിനൊന്നു ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 40,425 പേർക്കാണ്. ഇത് ആദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം രോഗം ബാധിച്ചത്.
ഇതോടെ രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 11, 18,043 കവിഞ്ഞു. 24 മണിക്കൂറിനിടെ ജീവൻ പൊലിഞ്ഞത് 681 പേർക്കാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്.
Also read: മകളുടെ വിവാഹം അറിയിച്ചത് വാട്ട്സ് ആപ്പിലൂടെ; വിവാദങ്ങൾക്ക് മറുപടിയുമായി സായ്കുമാർ
രാജ്യത്ത് ഇതിനോടകം 7,00,087 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 3,90,459 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 27,497 പേർക്ക് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Also read: സ്വർണ്ണക്കടത്ത് കേസ്: അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ പരിശോധന നടത്തി
ജൂലൈ 19 വരെയുള്ള കണക്കുകൾ പ്രകാരം 1,40,47,908 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. 2,56,039 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോറോണ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. അവിടെ കോറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
മഹാരാഷ്ട്രയ്ക്ക് പിന്നിൽ തമിഴ്നാടും, ഡൽഹിയുമാണ്. തമിഴ്നാട്ടിൽ 1,70,693 പേർക്കും ഡൽഹിയിൽ 1,22,793 പേർക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.