ന്യൂഡല്‍ഹി: രണ്ടാം വട്ടവും ഡല്‍ഹി തൂത്തുവാരി ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്...
ഫെബ്രുവരി 16ന് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാര മുറപ്പിച്ചതിന് പിന്നാലെ അരവിന്ദ് കെജ്രിവാള് ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ, മുഖ്യമന്ത്രിയുടെ വസതിയില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ആം ആദ്മി പാര്‍ട്ടി എംഎൽഎമാരുടെയും യോഗം വിളിച്ചിരിയ്ക്കുകയാണ്.
അതേസമയം, ആരൊക്കയാകും മന്ത്രിമാരെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് സൂചന. എന്നാല്‍, മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഓഖ്ല മണ്ഡലത്തില്‍ മിന്നും വിജയം നേടിയ അമാനത്തുള്ള ഖാന്, കല്‍ക്കാജിയില്‍ വെന്നിക്കൊടി പാറിച്ച അതിഷി, രാജേന്ദ്ര നഗറില്‍ നിന്ന് വിജയിച്ചെത്തിയ യുവ നേതാവ് രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.
ആകെയുള്ള 70 സീറ്റുകളില്‍ 62ഉം നേടിയാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി തുടര്‍ച്ചയായ മൂന്നാം വട്ടവും ഡല്‍ഹിയുടെ ഭരണ സാരഥ്യത്തിലേക്ക് എത്തിയിരിക്കുന്നത്.