അമിത് ഷായുടെ തന്ത്രം ഫലിക്കുന്നു; ബിജെപി-പിഡിപി വിമത വിഭാഗം അധികാരത്തിലേയ്ക്ക്‍?

ജമ്മു-കശ്മീരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന രാഷ്ട്രീയ ചരടുവലികള്‍ ഫലം കാണുന്നതായി സൂചന.

Last Updated : Jul 16, 2018, 11:59 AM IST
അമിത് ഷായുടെ തന്ത്രം ഫലിക്കുന്നു; ബിജെപി-പിഡിപി വിമത വിഭാഗം അധികാരത്തിലേയ്ക്ക്‍?

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന രാഷ്ട്രീയ ചരടുവലികള്‍ ഫലം കാണുന്നതായി സൂചന.

അതായത് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നതോടെ പുതിയ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് തുടക്കമായി എന്ന് സാരം. പിഡിപി വിമതരുടെ പിന്തുണയോടെ ഭരണം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ് ബിജെപി. 

പിഡിപിയിലെ വിമത നേതാവ് അബ്ദുല്‍ മാജിദ് പദരു അടുത്തിടെ നല്‍കിയ പരാമര്‍ശം ഇതാണ് സൂചിപ്പിക്കുന്നത്. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് യാതൊരു പ്രശ്നവുമില്ല എന്നദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ പിഡിപിയിലെ വിമതരും ബിജെപിയും ചേര്‍ന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ അംഗങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

കൂടാതെ കശ്മീരില്‍ രാഷ്‌ട്രപതി ഭരണമല്ല, സ്ഥിരതയുള്ള സര്‍ക്കാരാണ് ആവശ്യമെന്നും, അഥവാ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ മുഖ്യമന്ത്രി തീര്‍ച്ചയായും കശ്മീരില്‍ നിന്നുതന്നെയാവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കശ്മീരിലെ ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിച്ചത് 5 വര്‍ഷത്തേയ്ക്കാണ്. ജനങ്ങള്‍ക്കുവേണ്ടി ഒന്ന് ചെയ്യാതെ വീണ്ടും വോട്ടു തേടി എങ്ങിനെ ജനങ്ങളെ സമീപിക്കും? അദ്ദേഹം ചോദിച്ചു. കൂടാതെ കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി നടത്തിയ പരാമര്‍ശങ്ങളെയും അദ്ദേഹം എതിര്‍ത്തിരുന്നു. പിഡിപിയില്‍ ഭീകരവാദികള്‍ ഇല്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

അതേസമയം, കഴിഞ്ഞദിവസം പിഡിപിയിലെ വിമത വിഭാഗം പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശ പ്രകരമാണ് പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന മെഹബൂബയുടെ ആരോപണത്തിന് പിന്നാലെയാണ് കലാപക്കൊടി ഉയര്‍ത്തിയത്. എന്നാല്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് കുടുംബത്തിന്‍റെ വരെ ജീവന് ഭീഷണിയാണെന്നാണ് എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്.

പി.ഡി.പിയെ പിളര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമമെങ്കില്‍ അതിന്‍റെ അനന്തരഫലം, വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലികും പോലെയുള്ളവരുടെ പിറവിയായിരിക്കുമെന്ന് മെഹബൂബ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിജെപിയെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മുഫ്തിയുടെ അക്രമണം. കശ്​മീരില്‍ വിഘടനവാദികള്‍ ഉണ്ടായതെന്തുകൊ​ണ്ടെന്ന്​ ചിന്തിക്കുന്നത് നല്ലതാണെന്നഭിപ്രായപ്പെട്ട അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്​മീരി​ലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും താക്കീത് ചെയ്തിരുന്നു. 

കൂട്ടുകക്ഷി സര്‍ക്കാര്‍ പിളര്‍ന്നതിന് ശേഷം ആദ്യമായാണ് ഒരു പിഡിപി എംഎല്‍എ പരസ്യമായി ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണന്ന പ്രസ്താവന നടത്തുന്നത്. തന്‍റെ നേതാവായിരുന്ന മുഫ്തി മുഹമ്മദ് സയീദിന് ബിജെപിയുമായി സഖ്യമാകാമായിരുന്നുവെങ്കില്‍ എന്തുകൊണ്ടു തങ്ങള്‍ക്കു സാധിക്കില്ലെന്ന് അബ്ദുല്‍ മാജിദ് പദരു പ്രതികരിച്ചു. 

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 87അംഗങ്ങളുള്ള നിയമസഭയില്‍ 44 പേരുടെ പിന്തുണ വേണം. പിഡിപിയുടെ 28 എംഎല്‍എമാരില്‍ 18 പേരും ബിജെപിക്കൊപ്പം ചേരുകയാണെന്നാണ് സൂചന. 18 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന അബ്ദുല്‍ മാജിദ് പദരുവിന്‍റെ അവകാശവാദം ശരിയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം എളുപ്പമാകും. 25 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരാളുടെ പിന്തുണ മതി. അത് നേടിയെടുക്കാന്‍ സഖ്യത്തെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടില്ല. 

എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തില്‍ ദേശീയ നേതാക്കളുടെ തീരുമാനം അറിയുന്നതിന് കാത്തിരിക്കുകയാണ് സംസ്ഥാന  ബിജെപി. എന്നാല്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് ഗവര്‍ണര്‍ ഭരണം തുടരുന്നതാണ് താല്‍പര്യമെന്നും സൂചനയുണ്ട്.

 

 

Trending News