മിന്നലാക്രമണത്തെക്കുറിച്ച് പ്രതികരിക്കാനുള്ള അവകാശം ഇന്ത്യന്‍ സേനയ്ക്ക് മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated : Oct 5, 2016, 06:25 PM IST
മിന്നലാക്രമണത്തെക്കുറിച്ച് പ്രതികരിക്കാനുള്ള അവകാശം ഇന്ത്യന്‍ സേനയ്ക്ക് മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി ∙ നിയന്ത്രണ രേഖ കടന്ന് പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾ തകർക്കുന്നതിനായി ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തെ കുറിച്ചുള്ള പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ബന്ധപ്പെട്ട അധികാരികൾ മാത്രം ഇതേക്കുറിച്ച് സംസാരിച്ചാൽ മതിയെന്നും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മോദി പറഞ്ഞതായി റിപ്പോർട്ട്.

മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനിടെ, കോൺഗ്രസ് നേതാക്കളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും മിന്നലാക്രമണം നടത്തിയതിന്‍റെ തെളിവുകൾ സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിമാർക്ക് മോദി ശക്തമായ മുന്നറിയിപ്പ് നൽകിയത്.

സർജിക്കൽ സ്ട്രൈക്കിനെ തുടർന്നുള്ള സുരക്ഷ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലായിരുന്നു നരേന്ദ്ര മോദിയുടെ നിർദേശം. മിന്നലാക്രമണത്തിന്‍റെ സേന നൽകിയ വീഡിയോ പുറത്തുവിടണമോ എന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയായി.

അതേസമയം, പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങൾക്കുനേരെ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്‍റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇതിന്‍റെ രേഖകളാണ് നല്‍കിയിരുന്നതെന്നും ഇപ്പോള്‍ വീഡിയോ ക്ലിപ്പുകള്‍ സൈന്യം കൈമാറിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ പറഞ്ഞു.

Trending News