തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആസ്ഥന മന്ദിരമായി എകെജി സെന്റിന് നേരെ ബോംബ് ആക്രമണം സംഭവിച്ചിട്ട് 24 മണിക്കൂറിനോട് അടുക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളെ സിസിടിവിയിൽ കണ്ടു, എന്നിട്ടും പോലീസിന് പിടികൂടാൻ സാധിക്കുന്നില്ല. എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത് ഒരാൾ മാത്രമാണ്. ആക്രമണം നടത്തിയ ശേഷം പ്രതി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചത് പൊട്ടക്കുഴി ഭാഗത്തേക്കാണെന്നും പോലീസ് സ്ഥിരീകരിക്കുന്നു. ഡിസിആർബി അസിസ്റ്റൻറ് കമ്മീഷണർ ജെ.കെ ദിനിലിന്റെ നേതൃത്വത്തിൽ 13 അംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നതായും വൈകാതെ പിടികൂടുമെന്നും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ബോംബാക്രമണം നടത്തിയ ശേഷം പ്രതി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചത് പട്ടം പൊട്ടക്കുഴി ഭാഗത്തേക്കാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേർന്നത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും വൈകാതെ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഒരാൾ മാത്രമാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നാണ് നിഗമനം. ഇക്കാര്യം പോലീസ് ഉറപ്പിക്കുന്നുമുണ്ട്.
ഇന്നലെ ജൂൺ 30 രാത്രി സംഭവം നടന്ന ശേഷം മുതൽ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതിയെന്ന സംശയിക്കുന്ന ഒരാളെ ഉച്ചയോടെ തിരുവനന്തപുരത്തെ റൂറൽ മേഖലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇയാൾക്ക് സംഭവവുമായി ബന്ധമില്ല എന്നുള്ള കാര്യം വിശദമായ ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഉറപ്പിക്കുകയും ചെയ്തു.
ALSO READ : കൈവെട്ടും,കാൽവെട്ടും,തലവെട്ടി ചെങ്കൊടി കെട്ടും; പ്രകോപന മുദ്രാവാക്യവുമായി എച്ച്.സലാം എം.എൽ.എ
പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ നമ്പർ കണ്ടെത്താൻ കഴിയാത്തത് അന്വേഷണസംഘത്തെ വലയ്ക്കുന്നത്. മാത്രമല്ല, ബോംബേറിന് ശേഷം അമിതവേഗത്തിൽ ഹെൽമെറ്റും മാസ്കും ധരിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. എത്രയും വേഗം അക്രമിയെ പിടികൂടുമെന്ന് പോലീസ് അവകാശപ്പെടുമ്പോഴും സംഭവം നടന്ന് 21 മണിക്കൂർ പിന്നിടുമ്പോഴും കൃത്യമായ വിവരം ലഭിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തത് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ തിരിച്ചടി കൂടിയാണ്.
പ്രതിയെ പറ്റിയുള്ള ചില സൂചനകൾ മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ളതെന്ന് രാവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയെന്ന് കരുതുന്നയാൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഐപിസി 436 എക്സ്പ്ലോയീസ് സബ്സിസ്റ്റൻറ്സ് ആക്ട് 3A പ്രകാരം എഫ്ഐആറിട്ട് കന്റോൺമെന്റ് പോലീസ് അന്വേഷണവും തുടങ്ങി. ഇത് പിന്നീട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു.
സംഭവമറിഞ്ഞ് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തുകയും ഫോറൻസിക് ഉദ്യോഗസ്ഥരും, അഗ്നിസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഫയർഫോഴ്സ് മേധാവി ബി സന്ധ്യയും സംഭവമറിഞ്ഞ് എകെജി സെൻററിൽ എത്തിയിരുന്നു.
ALSO READ : എകെജി സെന്ററിന് നേരെ നടന്ന ആക്രമണം; അപലപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്
ഇന്നലെ രാത്രി 11:22 ഓടെയാണ് എകെജി സെന്ററിന് നേരെ അക്രമികൾ ബോംബേറ് നടത്തിയത്. അക്രമ സംഘത്തിൽ പെട്ട ഒരാൾ ഇരുചക്ര വാഹനത്തിലെത്തി ബോംബ് വലിച്ചെറിഞ്ഞ ശേഷം അമിതവേഗതയിൽ രക്ഷപ്പെടുകയായിരുന്നു. ഇത് എകെജി സെൻ്ററിൻ്റെ സിസിടിവിയിലുണ്ട്. തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയിൽ 11:20 ഓടെ ഒരു വാഹനം അമിതവേഗതയിൽ എകെജി സെൻ്ററിൻ്റെ സമീപത്തേക്ക് ചീറിപ്പായുന്നതും 11:23 ന് ശേഷം കുന്നുകുഴി ഭാഗത്തേക്ക് മിന്നൽ വേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
എകെജി സെൻ്ററിൽ നിന്ന് 850 മീറ്റർ മാറി വരമ്പശ്ശേരി ജംഗ്ഷനിൽ അക്രമി എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെനിന്ന് രണ്ട് ദിശയിലേക്കാണ് റോഡ് തിരിയുന്നത് കണ്ണമ്മൂലയിലേക്കും ലോ കോളേജിലേക്കും. പ്രതി ലോ കോളേജ് വഴി പട്ടം പൊട്ടക്കുഴി ഭാഗത്തേക്ക് കടന്നുകളഞ്ഞതായാണ് വിവരം.
സംഭവം നടക്കുമ്പോൾ എട്ട് പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് പാർട്ടി ആസ്ഥാനത്തിന് കാവൽ ഉണ്ടായിരുന്നത്. എകെജി സെൻ്ററിലുള്ള നേതാക്കൾ പോലും ഉഗ്ര സ്ഫോടന ശബ്ദം കേട്ടതായി രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എകെജി സെന്ററിലും നേതാക്കൾ താമസിച്ചിരുന്ന എതിർവശത്തെ എകെജി ഫ്ലാറ്റിലും നിലയുറപ്പിച്ചിരുന്ന പോലീസുകാർ എകെജി ഹാളിനു സമീപം നടത്തിയ അക്രമത്തിലെയാളെ കണ്ടില്ല.
ALSO READ : എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രണണം; അന്വേഷണത്തിന് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി
മാത്രമല്ല, ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തുകയോ അക്രമിയെ പിന്തുടർന്ന് പിന്നാലെ പോവുകയും ചെയ്തില്ല. ശക്തമായ സുരക്ഷാ വീഴ്ചയാണ് സംഭവത്തിൽ ഉണ്ടായത്. രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് നിലയിറപ്പിച്ചിരുന്നുവെങ്കിലും എകെജി ഹാളിൽ പോലീസ് സംഘം ഉണ്ടായിരുന്നില്ല. ഇവിടെയാണ് അക്രമിസംഘം ബോംബെറിഞ്ഞതെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമണത്തിന് ശേഷം എകെജി സെന്ററിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എകെജി സെന്ററിന് മുൻവശത്ത് പുതിയ സിസിടിവി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിരുന്നു. എന്നാൽ, അക്രമി ഇതുവഴി പാഞ്ഞു പോകുന്നതോ അക്രമം നടത്താൻ തുനിയുന്നതോ പോലീസിന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നുള്ളതും വീഴ്ചയാണ്. അതേസമയം, ബോംബെറ് ഉണ്ടായ പശ്ചാത്തലത്തിൽ കനത്ത പൊലീസ് ബന്ധവസ് എകെജി സെൻററിന് ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.