കോട്ടയം: കേരളം (Kerala Assembly Election 2021) ഭരിച്ച സര്‍ക്കാരുകള്‍ എക്കാലത്തും ലക്ഷ്യമിട്ടിട്ടുള്ളതും എന്നാല്‍ കേരള ജനത ഒരുകാലത്തും നടത്തിക്കൊടുത്തിട്ടില്ലാത്തതുമായ ഒന്നാണ് തുടര്‍ഭരണം. ഭരണനേട്ടം മാത്രം നിരത്തി ആലക്ഷ്യത്തിലേക്കെത്താനാവില്ലെന്ന തിരിച്ചറിവില്‍ നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ അവര്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മാസങ്ങള്‍ക്കുമുന്‍പേ നടന്ന അത്തരമൊരു നീക്കത്തിന്റെ ഫലമാണ് കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ എല്‍.ഡി.എഫ്. പ്രവേശനം.
തുടര്‍ഭരണമെന്ന തുറക്കാവാതില്‍ തുറക്കാന്‍ ഇത്തവണ സി.പി.എം (CPM). പുറത്തെടുക്കുന്ന തന്ത്രപ്രധാന താക്കോലാണ് കേരളാ കോണ്‍ഗ്രസ് (എം). യു.ഡി.എഫിന്റെ മധ്യതിരുവിതാംകൂറിലെ
ശക്തിസ്രോതസിന്റെ വീര്യം കുറച്ചതിനൊപ്പം പ്രബല വിഭാഗത്തെ ഒപ്പം കൂട്ടാനായെന്നത് എല്‍.ഡി.എഫിന് ഇരട്ടനേട്ടമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഈ കൂട്ടുകെട്ട് ഗുണം ചെയ്‌തെന്ന് എല്‍.ഡി.എഫ്.വിലയിരുത്തുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രം മാറുമെന്നാണ് യു.ഡി.എഫ്. അവകാശവാദം.'
2011 -ല്‍ വി.എസ്. സര്‍ക്കാരിന് തുടര്‍ഭരണം നഷ്ടമായത് വിരലിലെണ്ണാവുന്ന സീറ്റുകളുടെ (Seats) കുറവിലാണ്. ഇത്തവണയും അത്തരം ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ജോസ് വിഭാഗത്തിന്റെ വരവോടെ ആ പ്രതിസന്ധി മറികടക്കാമെന്നാണ് സി.പി.എം. കണക്കുകൂട്ടല്‍. ഓരോസീറ്റും നിര്‍ണായകമാകുന്നഘട്ടത്തില്‍ കേരളാകോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകള്‍ ഒപ്പംചേരുന്നത് ഭരണത്തുടര്‍ച്ചയ്ക്ക് വഴിതുറക്കുമെന്ന് അതിനാല്‍ത്തന്നെ സി.പി.എം. വിശ്വസിക്കുന്നു.'
ആ വിശ്വാസം കാക്കാന്‍ സീറ്റുവിഭജനത്തില്‍ സ്വന്തം സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ വിട്ടുനല്‍കാനും സി.പി.എം.തയാറായി എന്നതാണ് എല്‍.ഡി.എഫ്. സീറ്റ് വിഭജനം കാണിച്ചുതരുന്നത്. റാന്നിയിലും കുറ്റ്യാടിയിലും പിറവത്തും ഉള്‍പ്പെടെ ജോസിന് സീറ്റ് വിട്ടുനല്‍കിയ ഇടങ്ങളിലെല്ലാം വിവാദങ്ങള്‍ ഉണ്ടാകുമ്പോഴും കുലുങ്ങാതെ ഉറച്ചുനില്‍ക്കുന്നതും ഈ വിശ്വാസത്തിന്റെകൂടി ബലത്തിലാണ്.
പാര്‍ട്ടിയോട് അല്‍പ്പം അകന്നുനിന്നിരുന്നതും എന്നാല്‍ കേരളാ (Kerala) കോണ്‍ഗ്രസിന്റെ നട്ടെല്ലുമായ ക്രിസ്ത്യന്‍ വോട്ടര്‍മാരെ കൂടെ കൂട്ടുകവഴി കോട്ടയത്തെയും സമീപ ജില്ലകളിലെയും യു.ഡി.എഫ്. സിറ്റിങ് സീറ്റുകള്‍ പിടിച്ചടക്കാമെന്ന് എല്‍.ഡി.എഫ്. ഉറച്ച് വിശ്വസിക്കുന്നു. യു.ഡി.എഫ്. ജോസഫ് വിഭാഗത്തെ പത്തുസീറ്റില്‍ ഒതുക്കിയപ്പോള്‍ പിടിച്ച പിടിയില്‍ 13 സീറ്റ് എല്‍.ഡി.എഫില്‍നിന്ന് വാങ്ങിയെടുക്കാന്‍ ജോസിനായതും സി.പി.എമ്മിന്റെ പ്രതീക്ഷ തങ്ങളാണെന്ന തിരിച്ചറിവുതന്നെ. യു.ഡി.എഫ്. വിട്ട ജോസ് ആഗ്രഹിക്കുന്നത് എല്‍.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തുകയും അതുവഴി മന്ത്രിപദവുമാണ്. ചുരുക്കത്തില്‍ എല്‍.ഡി.എഫും ജോസും ലക്ഷ്യമിടുന്നത് ഒന്നുതന്നെ, തുടര്‍ഭരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...