മകരവിളക്ക്: നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കോടികളുടെ കുറവ്

മാളികപുറത്തെ വരുമാനവും മുറിവാടകയിലൂടെ കിട്ടുന്നതും എല്ലാം കുറഞ്ഞു.   

Updated: Jan 7, 2019, 11:29 AM IST
മകരവിളക്ക്: നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കോടികളുടെ കുറവ്

സന്നിധാനം: ശബരിമലയില്‍ മകരവിളക്കിനായി നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്.അപ്പം, അരവണ വില്‍പനയും കാര്യമായി കുറഞ്ഞു. 

മാളികപുറത്തെ വരുമാനവും മുറിവാടകയിലൂടെ കിട്ടുന്നതും എല്ലാം കുറഞ്ഞു. മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കേ ബോര്‍ഡിന് മുന്നില്‍ നഷ്ടങ്ങളുടെ കണക്കുകളാണ് നിരത്താനുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ മകരവിളക്ക് തീര്‍ഥാടനം ആറുദിനം കഴിഞ്ഞപ്പോള്‍ വരുമാനം 29 കോടി കടന്നിരുന്നു. ഈ വര്‍ഷം അത് 20 കോടിയിലൊതുങ്ങി. അരവണ വിറ്റവകയില്‍ കുറവ് 79 ലക്ഷം രൂപയാണ്. അപ്പം വില്‍പനയില്‍ 62 ലക്ഷത്തിന്‍റെ കുറവ്.

യുവതീ പ്രവേശനവും സംഘര്‍ഷങ്ങളും ഭക്തരുടെ എണ്ണം ഗണ്യമായി കുറച്ചു. എന്നാല്‍ വരുന്ന ഭക്തരുടെ എണ്ണത്തിന് ആനുപാതികമായി വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ബോര്‍ഡിന്റെ നിഗമനം. 

സംഭാവനയായി 4 ലക്ഷം രൂപ ഇത്തവണ അധികമായി ലഭിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ തീര്‍ഥാടകര്‍ എത്തുമെന്നും വരുമാനനഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്കുക്കൂട്ടല്‍.