വിധി നടപ്പിലാക്കുക സര്‍ക്കാറിന്‍റെ ഉത്തരവാദിത്വം: സീതാറാം യെച്ചൂരി

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

Last Updated : Nov 14, 2019, 03:18 PM IST
വിധി നടപ്പിലാക്കുക സര്‍ക്കാറിന്‍റെ ഉത്തരവാദിത്വം: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സുപ്രീംകോടതി വിധിയില്‍ സ്‌റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ എന്ത് വേണമെന്നത് കോടതി വിധി പഠിച്ച ശേഷം വ്യക്തമാക്കാമെന്നും, സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധി അനുസരിച്ച് തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പ്രതികരിച്ചു. ഹര്‍ജി വിശാല ബെഞ്ചിലേക്ക് വിട്ട സാഹചര്യത്തില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധി രാഷ്ട്രീയ ലാഭത്തിനായി ആരും ഉപയോഗിക്കരുതെന്നും കോടതിയെ തര്‍ക്കവിഷയമാക്കരുത് എന്നുമായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന്‍റെ ഓരോ നേതാക്കള്‍ക്കും ഓരോ നിലപാടാണ്. വിശ്വാസികള്‍ക്ക് സമാധാനപരമായി സന്നിധാനത്ത് ദര്‍ശനം നടത്താനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. മലചവിട്ടാന്‍ യുവതികള്‍ എത്തിയാല്‍ അത് അപ്പോള്‍ നോക്കാമെന്നും വിജയരാഘവന്‍ പറഞ്ഞു.

പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും എല്ലായിടത്തും തുല്യത വേണമെന്നാണ് പാര്‍ട്ടി നിലപാടെന്നും, ശബരിമല വിഷയത്തില്‍ ഏഴംഗ ബെഞ്ചിന്‍റെ വിധി എന്താണെന്നറിയാന്‍ കാത്തിരിക്കാന്‍ മാത്രമേ കഴിയുള്ളൂവെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ഇന്നത്തെ വിധിയനുസരിച്ച് ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിഷയം ഇനി പഠിക്കുക സുപ്രീംകോടതിയുടെ ഏഴംഗ വിശാലബെഞ്ചാണ്. പുതിയ ചീഫ് ജസ്റ്റിസായിരിക്കും ഏഴംഗ വിശാലബെഞ്ച് രൂപീകരിക്കുക. ഒരു മതത്തിലെ ഇരുവിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്ന് വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു സുപ്രീംകോടതി ഈ വിഷയം വിശാലബെഞ്ചിന് വിട്ടത്. 

അതേസമയം, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ ഹര്‍ജി വിശാല ബെഞ്ചിന് വിടുന്നതിനോട് വിയോജിച്ചിരുന്നു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറുമായിരുന്നു ഇതിനെ അനുകൂലിച്ചത്.

2018 സെപ്റ്റംബര്‍ 28ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ പുന:പരിശോധന ആവശ്യപ്പെട്ട് 56 ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്‍പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

Trending News