സര്‍വ്വകലാശാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍: അസഹിഷ്ണുതയ്ക്കും ജാതിമത ധ്രുവീകരണത്തിനെതിരെയുമുള്ള വിജയം

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി, ആസാം യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി തുടങ്ങിയ രാജ്യത്തെ പ്രശസ്ത ക്യാമ്പസുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിജയം.

Last Updated : Sep 23, 2017, 04:12 PM IST
സര്‍വ്വകലാശാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍: അസഹിഷ്ണുതയ്ക്കും ജാതിമത ധ്രുവീകരണത്തിനെതിരെയുമുള്ള വിജയം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി, ആസാം യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി തുടങ്ങിയ രാജ്യത്തെ പ്രശസ്ത ക്യാമ്പസുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിജയം.

വര്‍ഗീയ ഫാസിസ്റ്റ് സഖ്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ക്യാമ്പസുകളില്‍ അസഹിഷ്ണുതയും ജാതിമത ധ്രുവീകരണവും നടത്തി മതേതര സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ എബിവിപി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നീക്കമാണ് ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ തകര്‍ത്തെറിഞ്ഞത്.

ഈ മാസം സെപ്റ്റംബര്‍ 8നാണ് ജെഎന്‍യുവില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. അവിടുത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ വെള്ളിയാഴ്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (എ.എസ്.ജെ) എന്ന മതേതര സഖ്യം വിജയിച്ചു.

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ കടന്നാക്രമണങ്ങളെ അതിജീവിച്ച് എസ്എഫ്‌ഐ, ഐസ, ഡിഎസ്എഫ് സഖ്യം നേടിയത് മിന്നും ജയമാണ്. ഇവിടെ നാല് ജനറല്‍ സീറ്റുകളില്‍ ഇടതുപക്ഷ സഖ്യം വിജയിച്ചു. ജനാധിപത്യ വിരുദ്ധതയ്ക്കും സങ്കുചിത ദേശീയവാദത്തിനുമെതിരായ പോരാട്ടത്തിന്‍റെ മുന്നണിയിലുള്ള ജെഎന്‍യുവില്‍ ഇടത് സഖ്യം നേടിയ വിജയം, ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്‍റെ ദുഷ്പ്രചരണങ്ങള്‍ക്കുള്ള കനത്ത താക്കീതായി മാറി.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വിജയിച്ചു. മലയാളിയായ ശ്രീരാഗാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി വിജയിച്ചത്. 

രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിനുശേഷം ജാതി ഒരു പ്രശ്നമാണെന്ന്‌ തെളിയിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ക്യാമ്പസില്‍ സജീവമായിരുന്ന സമയത്താണ് ക്യാമ്പസില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജാതി പ്രശ്‌നവത്കരിക്കേണ്ടത് ആവശ്യകതയാണെന്നും, അത് അപകടകരമായ പ്രശ്‌നമാണെന്നും, എത്രയും എളുപ്പത്തില്‍ പരിഹരിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് ക്യാമ്പസ് സമൂഹത്തിനും വിദ്യാര്‍ഥി സമൂഹത്തിനും ബോധ്യപ്പെട്ടു എന്നുള്ളതാണ് ഈ വിജയം നല്‍കുന്ന പാഠം.

എന്നാല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ സെപ്റ്റംബര്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ എബിവിപിയെ പരാജയപ്പെടുത്തി എന്‍.എസ്.യു (ഐ)വാണ് വിജയിച്ചത്. പ്രധാനപ്പെട്ട ക്യാമ്പസുകളെ കോണ്‍സന്ട്രേഷന്‍ ക്യാമ്പുകളാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന തന്ത്രങ്ങള്‍ക്കും വര്‍ഗീയ ഗൂഡാലോചനയ്ക്കുമുള്ള തിരിച്ചടിയാണ് ഇവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇടതുരാഷ്ട്രീയത്തിന്‍റെ പ്രാധാന്യം ഒഴിവാക്കാനാകാത്തതാണെന്ന തിരിച്ചറിവിലേക്കാണ് ക്യാമ്പസുകള്‍ എത്തുന്നത്.

Trending News