അലനും താഹയും മാവോയിസ്റ്റുകള്‍, തെളിവുണ്ടെന്ന് കോടതി

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രായ അലനും താഹയും മാവോയിസ്റ്റുകളെന്നുറപ്പിച്ച് കോടതി.

Sheeba George | Updated: Nov 6, 2019, 05:58 PM IST
അലനും താഹയും മാവോയിസ്റ്റുകള്‍, തെളിവുണ്ടെന്ന് കോടതി

കോഴിക്കോട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രായ അലനും താഹയും മാവോയിസ്റ്റുകളെന്നുറപ്പിച്ച് കോടതി.

ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. താഹയുടേയും അലന്‍റെയും ജാമ്യം നിഷേധിച്ച് കൊണ്ടുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. 

ഇവരില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും, നോട്ടീസുകളും, ബാനറുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സി.പി.ഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടേതാണ് എന്ന്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് എന്നും കോടതി പറഞ്ഞു. 
ഇത്തരമൊരു സാഹചര്യത്തില്‍ കേസന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍തന്നെ ജാമ്യം നല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കും. വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ജാമ്യം നല്‍കുന്നത് ഇപ്പോള്‍ ഉചിതമാകില്ല എന്നാണ് കരുതുന്നതെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് തരാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ദിവസം കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി, ഇന്നാണ് ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവായത്‌. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്.

അതേസമയം, യു​എ​പി​എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. 

സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ. കേസിലെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തേക്കാള്‍ ഉപരി യുഎപിഎ വകുപ്പ് ചുമത്തിയതാണ് ജാമ്യം നിഷേധിക്കപ്പെടുന്നതില്‍ നിര്‍ണായകമായതെന്നാണ് പറയപ്പെടുന്നത്. 

ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​രാ​ണ് മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പോലീസ് പറയുന്നുണ്ട്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ് എന്ന കാരണത്താല്‍ കേസിന്‍റെ ഗതിമാറ്റാനാണ്‌ കമ്മ്യൂണിസ്റ്റ് സംഘടനകള്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.