close

News WrapGet Handpicked Stories from our editors directly to your mailbox

ശബരിമല യുവതി പ്രവേശനം: ബിജെപി പ്രതിഷേധം അക്രമാസക്തം

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ബിജെപി, സംഘപരിവാര്‍, ആക്രമണം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി.

Updated: Jan 2, 2019, 06:50 PM IST
ശബരിമല യുവതി പ്രവേശനം: ബിജെപി പ്രതിഷേധം അക്രമാസക്തം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ബിജെപി, സംഘപരിവാര്‍, ആക്രമണം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി.

തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ മലപ്പുറം, പാലക്കാട് ജില്ലകളില്‍ വ്യാപകമായ ആക്രമണമാണ് പ്രതിഷേധക്കാര്‍ നടത്തിയത്. പാലക്കാട് കൊടുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലേറ് നടത്തി. ബി.ജെ.പിയുടെ പ്രകടനത്തെ പ്രതിരോധിച്ച് സി.പി.എം– ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍കൂടി രംഗത്തെത്തിയതോടെയാണ് സ്ഥിതി വഷളായത്. 

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ വ്യാപക അക്രമം. സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ മുഖാമുഖം നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് അക്രമം തുടങ്ങിയത്. വലിയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു. 

വനിതാമതിലിന്‍റെ പോസ്റ്ററുകളും മറ്റും നശിപ്പിച്ചതിനെതിരെയാണ് പ്രതിഷേധവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി എത്തിയത്. ഇതിനിടെ ഒരു വിഭാഗം മഹിളാ മോർച്ചാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്ന് ഇരുവിഭാഗവും നേർക്കു നേർ നിലയുറപ്പിച്ച് മുദ്രാവാക്യം വിളി തുടങ്ങി.

മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മുകാര്‍ക്ക് നേരെ കല്ലേറ് നടത്തി. സിപിഎമ്മുകാര്‍ തിരിച്ചും കല്ലേറ് തുടങ്ങി. കല്ലേറ് രൂക്ഷമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ല. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍ പൊലീസുകാര്‍ക്കും അക്രമികള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇതിനിടെ നിരാഹാരത്തിലിരുന്ന ബിജെപി നേതാവ് എൻ ശിവരാജന് ദേഹാസ്വാസ്ഥ്യമുണ്ടായി. ശിവരാജനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും പോകാൻ തയ്യാറായില്ല. തുടർന്ന് മൂന്ന് മണിക്കൂറോളം നീണ്ട സംഘർഷം നീണ്ടു. ഒടുവിൽ സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശ് എത്തി സിപിഎം, ബിജെപി നേതാക്കളുമായി സമവായചർച്ച നടത്തിയ ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. 

കൊടുവായൂരില്‍ ബലമായി കടകള്‍ അടപ്പിച്ചു. പലയിടത്തും സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

തൃശ്ശൂരിലും വ്യാപക പ്രതിഷേധമാണ് നടന്നത്. ഗുരുവായൂരിൽ മന്ത്രി കടകംപള്ളി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. ഗുരൂവായൂരിലും കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുട, എന്നിവിടങ്ങളിൽ ബിജെപി പ്രവർത്തകർ നിർബന്ധിച്ച് കടകൾ അടപ്പിച്ചു. ചാലക്കുടി ഉൾപ്പെടെ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. 

എറണാകുളത്തുൾപ്പടെ പ്രതിഷേധവും റോഡ് ഉപരോധവുമുണ്ടായി. കച്ചേരിപ്പടിയിലെ റോഡ് ഉപരോധത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആറന്മുളയിൽ ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ വീടിന് മുന്നിലും പ്രതിഷേധം നടന്നു.  

അതേസമയം, പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും വെറുതേവിട്ടില്ല. പല സ്ഥലങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. 

ആക്രമണത്തെത്തുടര്‍ന്ന് പാലക്കാട് ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ഇരിങ്ങാലക്കുടയില്‍ സ്വകാര്യബസിന് നേരെ കല്ലേറുണ്ടായി. ചങ്ങനാശ്ശേരിയിലും കോഴിക്കോടും ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. 

ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം വ്യാപിച്ചത്. സെക്രട്ടറിയേറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയ നാല് സ്ത്രീകള്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഓഫിസുള്ള കെട്ടിടത്തിന്‍റെ അടുത്ത് വരെയെത്തി. മുഖ്യമന്ത്രി ഒാഫീസിലുണ്ടായിരുന്നപ്പോഴാണ് ഇത്. നടന്നത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തല്‍.